എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതം മന്ത്രി കെ.കെ.ശൈലജ.

കോഴിക്കോട്: എസ് പി യതീഷ് ചന്ദ്രയുടെ നടപടികള്‍ സ്ത്രീത്വത്തിനെതിരെയുള്ളതാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കെ.കെ.ശൈലജ. യതീഷ് ചന്ദ്ര കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട്, കേന്ദ്രമന്ത്രിയോട് ശബരിമലയിലെ നിലവിലെ സാഹചര്യം മാന്യമായി വിശദീകരിക്കുകയാണ് എസ്പി ചെയ്തതെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രളയത്തെ തുടര്‍ന്ന് ശബരിമലയിലെ പരിസ്ഥിതി മോശമാണ്. വാഹനങ്ങള്‍ കടത്തി വിട്ടാല്‍ പാര്‍ക്കു ചെയ്യാനുള്ള അസൗകര്യമുണ്ട്. കേന്ദ്രമന്ത്രിയ്ക്ക് അദ്ദേഹത്തിന്റെ വാഹനത്തില്‍ പോകാമെന്നും അകമ്പടിവാഹനങ്ങള്‍ കടത്തിവിടാന്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് യതീഷ് ചന്ദ്ര പറഞ്ഞത്. അങ്ങനെ പറഞ്ഞത് തന്റെ ഔദ്യോഗിക നിര്‍വഹണത്തിന്റെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കെപി ശശികലയ്ക്കും ശോഭാസുരേന്ദ്രനും എന്തും പറയാമെന്നായി, അവരുടെ പേരെടുത്തു പറയാന്‍ താനാഗ്രഹിക്കുന്നില്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പറയാതെ നിര്‍വാഹമില്ലെന്നും മന്ത്രി പറഞ്ഞു. കെപി ശശികലയെ എസ്പി ശബരിമലയില്‍ തടഞ്ഞിട്ടില്ല, പേരക്കുട്ടിയുടെ ചോറൂണ് കഴിഞ്ഞാല്‍ ശബരിമലയില്‍ നിന്ന് മടങ്ങാമെന്ന് എഴുതി വാങ്ങുകയാണുണ്ടായതെന്നും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ ഭക്തര്‍ക്ക് കൂട്ടമായി തൊഴാനുള്ള സൗകര്യമുണ്ടെന്നും അത് നിരോധനാജ്ഞയില്‍പ്പെടുന്നില്ലെന്നും അവിടത്തെ ക്രമസമാധാനനില തകരാതെ നോക്കാനാണ് 144 നിലനിര്‍ത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

pathram:
Related Post
Leave a Comment