കെ.എം. ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: കെ.എം. ഷാജി എം.എല്‍.എയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഹൈക്കോടതി അയോഗ്യത കല്‍പ്പിച്ച ഷാജിക്ക് സഭാനടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നുവെങ്കിലും കോടതിയുടെ വാക്കാലുള്ള പരാമര്‍ശം നടപ്പാക്കാനുള്ള ബാധ്യതയില്ലെന്നാണ് സ്പീക്കറുടെ നിലപാട്.

ഇതോടെ 27 മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കെ.എം. ഷാജിക്ക് സാധിക്കില്ല എന്ന് ഉറപ്പായി. നേരത്തെ നിയമസഭാംഗത്വം റദ്ദാക്കിയ കെ.എം. ഷാജിയെ ആറുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. മതസ്പര്‍ദ്ദ വളര്‍ത്തുന്ന ലേഖനങ്ങള്‍ പ്രചരിപ്പിച്ച് വിജയിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ നടപടി.

രണ്ടാഴ്ചത്തേക്ക് വിധി കോടതി സ്‌റ്റേ ചെയ്തിരുന്നു. സ്‌റ്റേയുടെ കാലാലവധി ഇന്ന് 12 മണിക്ക് അവസാനിക്കുകയാണ്. ഇതനുമുമ്പ് സുപ്രീം കോടതിയെ സമീപിച്ച കെ.എം. ഷാജിക്കായി സ്‌റ്റേ നീട്ടിനല്‍കാന്‍ കോടതി തയ്യാറായില്ല. എന്നാല്‍ നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് കോടതി പരാമര്‍ശനം നടത്തിയിരുന്നു.

എന്നാല്‍ ഈ പരാമര്‍ശം നടപ്പാക്കാനുള്ള ബാധ്യത തനിക്കില്ലെന്നാണ് സ്പീക്കറുടെ നിലപാട്. രേഖാമൂലമുള്ള ഉത്തരവുകള്‍ അനുസരിക്കാനുള്ള ബാധ്യത മാത്രമേ ഉള്ളെന്നാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ നിലപാട്. നിയമസഭാ സമ്മേളനത്തിന് മുമ്പ് സ്‌റ്റേ നീട്ടി നല്‍കിയാല്‍ കെ.എം. ഷാജിക്ക് നിയമസഭയില്‍ പ്രവേശിക്കാമെന്നും നിലവിലെ സാഹചര്യത്തില്‍ കോടതിയുടെ ഭാഗത്തുനിന്ന് അത്തരം വിധി വന്നിട്ടില്ലെന്നും സ്പീക്കര്‍ അറിയിച്ചത്.

pathram:
Leave a Comment