ശബരിമല: സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ട 40 പേര്‍ കുടുങ്ങും; നിരോധനാജ്ഞ രണ്ടുമാസംകൂടി വേണമെന്ന് പൊലീസ്

ശബരിമല യുവതീപ്രവേശ വിഷയത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട 40 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹൈടെക്ക് സെല്ലിന്റെയും ജില്ലാ സൈബര്‍ സെല്ലുകളുടെയും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ജനുവരി 14 വരെ നീട്ടണമെന്നു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. എഡിഎമ്മിന്റെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചു കലക്ടര്‍ തീരുമാനമെടുക്കും. പൊലീസിന്റെ ആവശ്യപ്രകാരം പത്തനംതിട്ട ജില്ലാ കലക്ടര്‍ 15ന് അര്‍ധരാത്രി മുതല്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലും കോട്ടയം ജില്ലാ കലക്ടര്‍ എരുമേലിയിലും 7 ദിവസത്തേക്കാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
നിരോധനാജ്ഞ ഉടന്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. അതേസമയം സന്നിധാനത്ത് അറസ്റ്റിലായ ശേഷം കോടതി ജാമ്യം അനുവദിച്ച 69 പേര്‍ക്കും പന്തളം കൊട്ടാരത്തില്‍ വന്‍സ്വീകരണം നല്‍കി. എല്ലാവരെയും കൊട്ടാരം പ്രതിനിധികള്‍ ഷാളണിയിച്ചു സ്വീകരിച്ചു. എല്ലാവരുടെയും ഇരുമുടിക്കെട്ട് പന്തളം കൊട്ടാരത്തില്‍ സൂക്ഷിക്കും. വിലക്കു തീരുന്ന മുറയ്ക്ക് ഇവര്‍ വീണ്ടും മലകയറും.

അതിനിടെ എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയത്തിന് പരാതി നല്‍കി. ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് യതീഷ് ചന്ദ്ര മോശമായി പെരുമാറിയെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണു പരാതി.

ബുധനാഴ്ച ശബരിമല സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ മന്ത്രിയും എസ്പിയും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. സ്വകാര്യവാഹനങ്ങള്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് എന്തുകൊണ്ടു കടത്തിവിടുന്നില്ലെന്ന് മന്ത്രി ചോദിച്ചിരുന്നു. എന്നാല്‍ ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം താങ്കള്‍ ഏറ്റെടുക്കുമോ എന്നായിരുന്നു എസ്പിയുടെ മറുചോദ്യം.

ഇതിനു പിന്നാലെ മന്ത്രിയുടെ കൂടെയുണ്ടായിരുന്ന ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ യതീഷ് ചന്ദ്രയോട് തട്ടിക്കയറുകയും ചെയ്തു. യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു പരാതി നല്‍കുമെന്ന് എ.എന്‍. രാധാകൃഷ്ണനും അറിയിച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment