പോലീസ് ചെയ്തത് ഡ്യൂട്ടി; മാപ്പല്ല മന്ത്രിയ്ക്ക് നല്‍കിയത് ചെക്ക് റിപ്പോര്‍ട്ട് എസ് പി ഹരിശങ്കറിന്റെ വെളിപ്പെടുത്തല്‍

പമ്പ: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞെന്ന വാര്‍ത്ത തെറ്റാണെന്ന് കോട്ടയം എസ്.പി. ഹരിശങ്കര്‍. മന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന വൈകിവന്ന മറ്റൊരു വാഹനമാണ് തടഞ്ഞതെന്നും, മന്ത്രിക്ക് മാപ്പെഴുതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

എസ്.പി. ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞത് : –

‘മന്ത്രിക്ക് മാപ്പ് എഴുതിനല്‍കിയെന്നത് തെറ്റാണ്. അങ്ങനെയൊരു രീതി പോലീസിനില്ല. വാഹനം പരിശോധിച്ചാല്‍ ചെക്ക് റിപ്പോര്‍ട്ട് നല്‍കാറുണ്ട്. ഇതാണ് മന്ത്രിക്കും നല്‍കിയത്. വാഹനം പരിശോധിച്ചെന്നും, വാഹനത്തില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നുമാണ് ചെക്ക് റിപ്പോര്‍ട്ടില്‍ എഴുതിനല്‍കിയിട്ടുള്ളത്. ഇത് പോലീസിന്റെ രീതിയാണ്. പമ്പയില്‍ നടന്നത് സാധാരണ പരിശോധനയാണ്.
അര്‍ധരാത്രിയില്‍ ചെറുപ്പക്കാര്‍ മാത്രം സഞ്ചരിക്കുന്ന വാഹനം കണ്ടാല്‍ സാധാരണഗതിയില്‍ പരിശോധിക്കും. അതുതന്നെയാണ് പുലര്‍ച്ചെ രണ്ടുമണിയോടെ ഉണ്ടായതും. ഇത്തരത്തിലുള്ള വാഹനങ്ങള്‍ കണ്ടാല്‍ പരിശോധിക്കേണ്ടത് പോലീസിന്റെ ഡ്യൂട്ടിയാണ്. അത് അവര്‍ ചെയ്യേണ്ടതുണ്ട്. ഇതിനെതുടര്‍ന്ന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പോലീസിന്റെ ഡ്യൂട്ടിയുടെ ഭാഗമായിട്ടാണെന്നും അല്ലാതെ മന:പ്പൂര്‍വ്വമല്ലെന്നും ചെക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രിയോട് നേരിട്ടുപറഞ്ഞു. ഇതെല്ലാം ബോധ്യപ്പെട്ട മന്ത്രി അപ്പോള്‍ തന്നെ അവിടെനിന്ന് മടങ്ങിപ്പോവുകയും ചെയ്തു.
മന്ത്രിയുടെ വാഹനവും അകമ്പടി വാഹനങ്ങളും കടന്നുപോയതിന് ശേഷം അഞ്ച് മിനിറ്റ് കഴിഞ്ഞാണ് പരിശോധന നടത്തിയ വാഹനം കടന്നുവന്നത്. തുടര്‍ന്ന് വാഹനം തടഞ്ഞുവയ്ക്കുകയും പരിശോധിക്കുകയും ചെയ്തു. രണ്ട് മിനിറ്റോളം പരിശോധന നീണ്ടുനിന്നു. തുടര്‍ന്ന് താന്‍ തന്നെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍നിന്ന് സംഭവസ്ഥലത്തെത്താനുള്ള സമയവും, അദ്ദേഹത്തോട് സംസാരിക്കാനുള്ള സമയവും മാത്രമാണ് എടുത്തത്. ശബരിമലയില്‍ നേരത്തെയുണ്ടായ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരുടെ രേഖാചിത്രങ്ങളും ഫോട്ടോകളും പോലീസുകാരുടെ കൈവശമുണ്ട്. പുലര്‍ച്ചെ രണ്ടുമണിയോടെ കടന്നുവന്ന വാഹനത്തില്‍ ഈ ഫോട്ടോയിലുള്ള ചിലരുമായി സാദൃശ്യമുള്ളവര്‍ യാത്രചെയ്തിരുന്നതായി സംശയമുണ്ടായിരുന്നു. ഇതും വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കാന്‍ കാരണമായി. ഇനി അതല്ലെങ്കിലും ആ സമയത്ത് ഒരു ഇന്നോവ കാര്‍ കടന്നുവന്നാല്‍ പോലീസ് പരിശോധിക്കും. എന്നാല്‍ വാഹനത്തിലുണ്ടായിരുന്നത് വേറെയാളാണെന്ന് ബോധ്യപ്പെട്ടതോടെ വാഹനം വിട്ടുകൊടുക്കുകയും ചെയ്തു’-എസ്.പി മാധ്യമങ്ങളോട് പറഞ്ഞു

pathram:
Related Post
Leave a Comment