സന്നിധാനം: മണ്ഡലകാല ഉത്സവത്തിന് നടതുറന്ന് ആദ്യ ഞായറാഴ്ചയായിട്ടും ആളൊഴിഞ്ഞ് ശബരിമല. സാധാരണ മണ്ഡല കാലം ആരംഭിച്ചാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുക. എന്നാല്‍ ഇപ്പോള്‍ മല കയറിവരുന്നവര്‍ക്ക് ക്യൂനില്‍ക്കാതെ പതിനെട്ടാംപടി ചവിട്ടാം. എവിടെയും തിക്കുംതിരക്കുമില്ല. ഇന്ന് എത്തിയിട്ടുള്ള തീര്‍ഥാടകരില്‍ അധികവും അന്യസംസ്ഥാനക്കാരാണ്. മലയാളികള്‍ തീരെ കുറവാണ്. രാത്രിയില്‍ സന്നിധാനത്ത് നില്‍ക്കാനാവാത്തതും ഭക്തരെ വലയ്ക്കുകയാണ്. പൊലീസ് നിയന്ത്രണങ്ങളും പ്രതിഷേധങ്ങളും തിരക്ക് കുറയാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍.
അതേസമയം സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാതെ പൊലീസ് നിയന്ത്രണം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. നിയന്ത്രണങ്ങളില്‍ അയവുവരുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറയുന്നുണ്ടെങ്കിലും സ്ഥിതി നേരെ മറിച്ചാണ്. രാത്രി വിരിവയ്ക്കാനുള്ള നിയന്ത്രണം ഇപ്പോഴും തുടരുന്നതിനാല്‍ നെയ്യഭിഷേകം നടത്താനാഗ്രഹിക്കുന്ന തീര്‍ഥാടകര്‍ വലയുന്നു. സന്നിധാനത്തു വിരിവച്ചവരെ ഇന്നലെയും കൂട്ടത്തോടെ ഒഴിപ്പിച്ചു.
സന്നിധാനത്തെ നിയന്ത്രണങ്ങള്‍ അടിയന്തരമായി നീക്കണമെന്ന ആവശ്യവുമായി ദേവസ്വം ബോര്‍ഡ് രംഗത്തെത്തി. വരുമാനം കുറയുമെന്ന് പേടിയിലാണ് ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. രാത്രി സമയത്ത് കടകള്‍ അടയ്പ്പിക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും സന്നിധാനത്ത് ഭക്തരെ ആരെയും തങ്ങാന്‍ അനുവദിക്കാത്തതിനാല്‍ കടകള്‍ തുറന്നുവച്ചതുകൊണ്ട് പ്രയോജനം ഒന്നുമില്ലെന്ന നിലപാടിലാണ് കടക്കാര്‍. സാധാരണ രാത്രിസമയങ്ങളില്‍ സന്നിധാനത്തിന് സമീപം വന്‍തോതില്‍ കച്ചവടം നടക്കാറുണ്ട്.
രാത്രി 11നു നടയടച്ച ശേഷം പമ്പയില്‍നിന്ന് ആരെയും സന്നിധാനത്തേക്കു കയറ്റിവിടുന്നില്ല. നിലയ്ക്കലില്‍ നിന്നു പമ്പയിലേക്കു രാത്രി 9.30നും 12നുമിടയ്ക്കു ബസുകള്‍ വിടേണ്ടെന്നാണു കെഎസ്ആര്‍ടിസിക്കു പൊലീസിന്റെ നിര്‍ദേശം. പൊലീസ് സംവിധാനത്തില്‍ എന്തൊക്കെ മാറ്റമാകാമെന്ന നിര്‍ദേശങ്ങളും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായുള്ള കൂടിക്കാഴ്ചയില്‍ ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ് മുന്നോട്ടുവച്ചു. ഇതു സംബന്ധിച്ച് ഇന്നു തീരുമാനമുണ്ടായേക്കും.
മുഖ്യമന്ത്രി പിണറായി വിജയനുമായി ഡിജിപി ഇന്നലെ കൂടിക്കാഴ്ച നടത്തിയെങ്കിലും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നാണു വിശദീകരണം. തീവ്രവാദ സ്വഭാവമുള്ളവര്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയേക്കാമെന്ന കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാനാണു ബെഹ്‌റ ഉന്നത ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നക്കാരെന്നു കരുതുന്നവരെ മുന്‍കരുതലായി കസ്റ്റഡിയിലെടുക്കാനും നിര്‍ദേശമുണ്ട്.
നെയ്യഭിഷേകത്തിനു ഭക്തര്‍ സന്നിധാനത്തു വിശ്രമിക്കുന്നതിനു കുഴപ്പമില്ലെന്നും എന്നാല്‍ പ്രതിഷേധം ലക്ഷ്യമിട്ടെത്തുന്നവരെ തങ്ങാന്‍ അനുവദിക്കില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സന്നിധാനത്തെ കടകളും അപ്പം, അരവണ കൗണ്ടറുകളും രാത്രി അടയ്ക്കണമെന്ന നിര്‍ദേശം കഴിഞ്ഞദിവസം മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നു പിന്‍വലിച്ചിരുന്നു. പമ്പ മുതല്‍ പ്രാഥമികാവശ്യങ്ങള്‍ക്കു സൗകര്യമില്ലെന്നതും തീര്‍ഥാടകരെ വലയ്ക്കുന്നു. ഉള്ള ശുചിമുറികളില്‍ വെള്ളമില്ലെന്ന അവസ്ഥയും ഉണ്ട്. ചുരുക്കത്തില്‍ ശബരിമല കയറ്റം ‘കഠിനമെന്റയ്യപ്പാ’ എന്ന അവസ്ഥയാണ് ഉള്ളത്..!
ശബരിമലയില്‍ ഭക്തര്‍ നേരിടുന്ന ദുരിതങ്ങള്‍ വിലയിരുത്താന്‍ കെപിസിസി നിയോഗിച്ച മൂന്നംഗ സംഘം ഇന്ന് സന്നിധാനത്തെത്തും. മുന്‍മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, വി.എസ്.ശിവകുമാര്‍ എന്നിവരാണ് ശബരിമലയിലെത്തുന്നത്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയകാര്യ സമിതിയോഗം ചേര്‍ന്ന് തുടര്‍ന്നുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മസമിതി ഇന്ന് ഗവര്‍ണറെ കാണും. രാത്രി എട്ടുമണിക്കാണ് കൂടിക്കാഴ്ച.
Leave a Comment