ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയിലേക്ക് പോകാന്‍ ശശികല

റാന്നി: ശബരിമല ദര്‍ശനത്തിന് പോകുന്നതിനിടെ അറസ്റ്റിലായ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ ഉടന്‍ തിരുവല്ല കോടതിയില്‍ ഹാജരാക്കും. റാന്നി പോലീസ് സ്റ്റേഷനില്‍നിന്ന് അല്‍പ സമയത്തിനകം അവരെ കോടതിയിലേക്ക് കൊണ്ടുപോകും. ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയിലേക്ക് പോകാന്‍ പോലീസ് അനുമതി നല്‍കിയതായി ശശികല മാധ്യമങ്ങളോട് പറഞ്ഞു.
മുകളില്‍നിന്നുള്ള നിര്‍ദേശം മൂലം അറസ്റ്റ് ചെയ്ത നടപടി തിരുത്താന്‍ പോലീസ് തയ്യാറായതായി ശശികല മാധ്യമങ്ങളോട് പറഞ്ഞു. വീണ്ടും ശബരിമലയ്ക്ക് വിടാമെന്ന് പോലീസ് അറിയിച്ചു. ജാമ്യം കിട്ടിയ ശേഷം സന്നിധാനത്തേയ്ക്ക് പോകും. മരക്കൂട്ടത്ത് കിടന്നുറങ്ങിയ തന്നെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു. മലയ്ക്കു പോകാനുള്ള വിലക്ക് നീക്കിക്കിട്ടിയതില്‍ സന്തോഷമുണ്ടെന്നും വീണ്ടും മലയ്ക്ക് പോകുമെന്നും അവര്‍ പറഞ്ഞു.
റാന്നി പോലീസ് സ്റ്റേഷനിലെത്തിച്ച ശശികല തന്നെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഉപവാസത്തിലായിരുന്നു. ശശികലയെ ശബരിമലയിലേക്ക് കടത്തിവിടാന്‍ പോലീസ് സമ്മതിച്ച സാഹചര്യത്തില്‍ റാന്നി പോലീസ് സ്റ്റേഷന് പുറത്ത് സമരക്കാര്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് മരക്കൂട്ടത്ത് നിന്ന് ശശികലയെ പോലീസ് അറസ്റ്റ് ചെയ്തത്. അവരെ കൂടാതെ നാല് സംഘപരിവാര്‍ സംഘടനാ നേതാക്കളേയും കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. ശബരിമലയില്‍ ഇവരുടെ നേതൃത്വത്തില്‍ മുമ്പ് നടന്ന സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് കരുതല്‍ തടങ്കലിലാക്കിയതെന്നാണ് പോലീസ് പറയുന്നത്.

pathram:
Related Post
Leave a Comment