തൃപ്തി മടങ്ങുന്നു; രാത്രി 9.30ന് മുംബൈ വിമാനത്തില്‍ തിരികെപ്പോകുമെന്ന് തൃപ്തി

നെടുമ്പാശേരി: ശബരിമല പ്രവേശനത്തിനായി നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ തൃപ്തി ദേശായി കടുത്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മടങ്ങുന്നു. രാത്രി 9.30നുള്ള വിമാനത്തില്‍ അവര്‍ മടങ്ങിപ്പോകുമെന്നാണ് റിപ്പോര്‍ട്ട്. 12 മണിക്കൂറോളം വിമാനത്താവളത്തില്‍ കഴിഞ്ഞ തൃപ്തി ദേശായിയ്ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത വിധത്തില്‍ പ്രതിഷേധം ശക്തിപ്പെട്ട സാഹചര്യത്തിലാണ് അവര്‍ മടങ്ങുന്നത്.

ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തൃപ്തി ദേശായി പറഞ്ഞു. ബിജെപിയോ കോണ്‍ഗ്രസോ എന്നല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. സ്ത്രീകളുടെ പക്ഷത്താണ്. അഞ്ച് വര്‍ഷമായി ഒരു പാര്‍ട്ടിയുമായും ബന്ധമില്ല. മടങ്ങുന്ന കാര്യത്തില്‍ ആറു മണിക്കു ശേഷം തീരുമാനമെടുക്കും. പോയാലും മണ്ഡലകാലത്തു തന്നെ തിരികെയെത്തും–തൃപ്തി പറഞ്ഞു. അടുത്ത തവണ കൂടുതല്‍ തയാറെടുപ്പുകളോടെ ശബരിമല സന്ദര്‍ശനത്തിന് എത്താന്‍ തൃപ്തിയോടും സംഘത്തോടും പൊലീസ് നിര്‍ദേശിച്ചു. അതേസമയം ഇവര്‍ക്കു നിയമസഹായം വാഗ്ദാനം ചെയ്ത് മൂന്ന് വനിതാ അഭിഭാഷകര്‍ രംഗത്തെത്തി.

പ്രതിഷേധക്കാരുടെ സാന്നിധ്യം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിലയിലേക്കെത്തിയതോടെ പോലീസ് തൃപ്തി ദേശായിയുമായി നിരവധി വട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനൊടുവിലാണ് അവര്‍ മടങ്ങാന്‍ സന്നദ്ധത അറിയിച്ചത്. ഇപ്പോള്‍ പോയാലും മണ്ഡലകാലം അവസാനിക്കുന്നതിനു മുന്‍പ് വീണ്ടും എത്തുമെന്ന് അവര്‍ നേരത്തെ പറഞ്ഞിരുന്നു.

മടങ്ങുന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്. സുരക്ഷ കണക്കിലെടുത്ത് വിമാനത്താവളത്തിലെ അറൈവല്‍ കെട്ടിടത്തില്‍നിന്ന് തൃപ്തി ദേശായിയെ പുറത്തിറക്കാതെയായിരിക്കും മടക്കിയയ്ക്കുക.

നേരത്തെ തൃപ്തി ദേശായിയുമായി പോലീസ് ഉന്നതോദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമുണ്ടായിരുന്നില്ല. ആഭ്യന്തര ടെര്‍മിനലിനു പുറത്ത് പ്രതിഷേധം കൂടുതല്‍ ശക്തമാകുന്ന സാഹചര്യവും പോലീസ് തൃപ്തി ദേശായിയെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഏതു സാഹചര്യത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും മടങ്ങിപ്പോകില്ലെന്നുമുള്ള നിലപാടാണ് തൃപ്തി ദേശായി സ്വീകരിച്ചിരുന്നത്.

തനിക്ക് വാഹനവും താമസ സൗകര്യവും ഏര്‍പ്പാടാക്കണമെന്ന് തൃപ്തി ദേശായി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സ്വന്തം നിലയില്‍ വാഹനം ഏര്‍പ്പാടാക്കിയാല്‍ കഴിയുന്ന സുരക്ഷ നല്‍കാമെന്ന് പോലീസ് അവരെ അറിയിക്കുകയായിരുന്നു.

ശബരിമലയില്‍ പ്രവേശനം നടത്തുന്നതിന് പോലീസിന്റെ സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞത് അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിക്കും കോടതിയെ സമീപിക്കുക. ഇക്കാര്യത്തില്‍ തൃപ്തി ദേശായി നിയമോപദേശം തേടിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതിനിടെ മണ്ഡല -മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തില്‍ മേല്‍ശാന്തിയാണു നട തുറന്നത്. വി.എന്‍. വാസുദേവന്‍ നമ്പൂതിരി സന്നിധാനത്തും എം.എന്‍. നാരായണന്‍ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരായി ചുമതലയേറ്റു. വൈകിട്ട് ആറിന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ കലശം പൂജിച്ച് അഭിഷേകം ചെയ്താണു സ്ഥാനാരോഹണം നടന്നത്. പുതിയ മേല്‍ശാന്തിയാണ് നാളെ നടതുറക്കുക. തീര്‍ഥാടന കാലത്തെ നെയ്യഭിഷേകം നാളെ പുലര്‍ച്ചെ 3.30ന് തുടങ്ങും. അതേസമയം സന്നിധാനത്തു കനത്ത മഴ പെയ്യുകയാണ്.

അതേസമയം യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒഴിവാക്കാനെന്ന പേരില്‍ ശബരിമലയിലും പരിസരത്തും കടുത്ത നിയന്ത്രണങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്തി. എന്നാല്‍ പൊലീസിന്റെ അമിത നിയന്ത്രണങ്ങള്‍ക്കെതിരെ അതൃപ്തിയുമായി ദേവസ്വം ബോര്‍ഡ് രംഗത്തെത്തി. ഹരിവരാസനം പാടി ശബരിമല നട അടച്ചാല്‍ സന്നിധാനത്തു പിന്നെയൊന്നും പാടില്ലെന്ന തരത്തിലാണു പൊലീസ് നിയന്ത്രണം.

നട അടയ്ക്കുന്നതിനോടൊപ്പം സന്നിധാനത്തെ വഴിപാട് കൗണ്ടറുകള്‍ പൂട്ടണം. ഹോട്ടലുകളും കടകളും രാത്രി 11നു ശേഷം പ്രവര്‍ത്തിക്കരുത്. ഈ സമയത്തിനു ശേഷം കടകളില്‍നിന്നു ഭക്ഷണം നല്‍കരുത്. നിലയ്ക്കലില്‍ മാത്രമേ വിരി വയ്ക്കാവൂ. അപ്പം – അരവണ കൗണ്ടറുകള്‍ രാത്രി 10നും അന്നദാന കൗണ്ടര്‍ രാത്രി 11നും അടയ്ക്കണം. മുറികള്‍ രാത്രി വാടകയ്ക്കു നല്‍കരുത്. നടയടച്ചാല്‍ തീര്‍ഥാടകരെ സന്നിധാനത്തു നില്‍ക്കാന്‍ സമ്മതിക്കില്ല. ദേവസ്വം ബോര്‍ഡിന്റെ പില്‍ഗ്രിം സെന്റര്‍, ഡോണര്‍ ഹൗസ് എന്നിവിടങ്ങളില്‍ തീര്‍ഥാടകരെ താമസിപ്പിക്കരുത്. നടയടച്ച ശേഷം എല്ലാ കെട്ടിടങ്ങളുടെയും മുറികള്‍ പൂട്ടി താക്കോല്‍ എല്‍പ്പിക്കണമെന്നും പൊലീസ് നിര്‍ദേശിക്കുന്നു. പൊലീസ് ഏകപക്ഷീയമായാണ് സന്നിധാനത്തു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നു ദേവസ്വം ബോര്‍ഡ് പറഞ്ഞു.

ഇതിനിടെ ശബരിമലയില്‍ യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിധി നടപ്പാക്കുന്നതില്‍ സാവകാശം തേടി സുപ്രീംകോടതിയെ സമീപിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ബോര്‍ഡ് യോഗം ചേര്‍ന്ന് ഇക്കാര്യം തീരുമാനിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകനായ ചന്ദ്രോദയ സിങ് ദേവസ്വം ബോര്‍ഡിനായി സുപ്രീംകോടതിയില്‍ ഹാജരാകും. എത്ര സമയം സാവകാശം നല്‍കണമെന്നു തീരുമാനിക്കുന്നത് സുപ്രീംകോടതിയാണ്. എന്തായാലും നാളെയോ തിങ്കളാഴ്ചയോ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രാത്രി കടകളൊന്നും അടയ്ക്കാന്‍ സാധിക്കില്ല. ഇക്കാര്യങ്ങള്‍ ദേവസ്വം മന്ത്രി ഡിജിപിയുമായി സംസാരിച്ചു. തീര്‍ഥാടകര്‍ക്കു നെയ്യഭിഷേകം, അപ്പം, അരവണ തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാക്കും. അപ്പം, അരവണ കൗണ്ടറുകള്‍ രാത്രി പത്തിനുശേഷം അടയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയും റിട്ട്, റിവ്യു ഹര്‍ജികളില്‍ എടുത്ത നിലപാടും യോഗം ചര്‍ച്ച ചെയ്തതായി പത്മകുമാര്‍ പറഞ്ഞു. വിധി നടപ്പിലാക്കാന്‍ സാവകാശം വേണമെന്ന് സുപ്രീംകോടതിയോട് അപേക്ഷിക്കും. ഇതിന് ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചു. പമ്പയില്‍ പ്രളയത്തെ തുടര്‍ന്ന് ഉണ്ടായിട്ടുള്ള സാഹചര്യം, വനഭൂമി കൂടുതല്‍ ആവശ്യമാണ് എന്നതുള്‍പ്പെടെ സുപ്രീം കോടതിയെ അറിയിക്കും.

ചിത്തിര ആട്ടത്തിരുനാളില്‍ അടക്കം ഉണ്ടായിട്ടുള്ള സംഭവങ്ങള്‍ സുപ്രീംകോടതിയില്‍ അറിയിക്കും. തീരുമാനത്തോട് എല്ലാവരും സഹകരിക്കണം. സമാധാനപരമായി ദര്‍ശനം നടത്താന്‍ എല്ലാവരും തയാറാകണമെന്ന് അഭ്യര്‍ഥിക്കുന്നതായി പത്മകുമാര്‍ പറഞ്ഞു.

pathram:
Leave a Comment