വിജയ് ചിത്രം ‘സര്‍ക്കാര്‍’ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സര്‍ക്കാരിലെ രാഷ്ട്രീയ സൂചനയുള്ള രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ് നാട്ടില്‍ വലിയ പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്. ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടതിന് പിന്നാലെയിതാ ചിത്രത്തിനെതിരെ കേരളത്തിലും വിവാദം ഉയരുന്നു. നായകന്‍ പുകവലിക്കുന്ന പോസ്റ്റര്‍ പതിപ്പിച്ചതും, അതില്‍ പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പ് നല്‍കാതിരുന്നതുമാണ് കേസിന് കാരണമായിരിക്കുന്നത്.
പുകയില നിയന്ത്രണ നിയമം അഞ്ചാം വകുപ്പ് പ്രകാരമാണ് ക്രിമിനല്‍ കേസെടുത്തിരിക്കുന്നത്. നടന്‍ വിജയ്‌യെ ഒന്നാം പ്രതിയായും നിര്‍മ്മാതാവും വിതരണക്കാരനുമാണ് രണ്ടും മൂന്നും പ്രതികളായും കാണിച്ച് ഡി.എം.ഓ തൃശൂര്‍ ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോടതിയില്‍ നിന്ന് പ്രതികള്‍ക്ക് സമന്‍സ് അയക്കും. രണ്ടു വര്‍ഷം വരെ തടവും 1000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പാണിത്. ആരോ ഈ നിയമ വീഴ്ച കണ്ട് ഡി.എം.ഒയ്ക്ക് അയച്ച പരാതി പരിശോധിച്ചപ്പോഴാണ് പോസ്റ്ററിലെ അപാകത കണ്ടെത്തിയതും കേസെടുത്തതും.
പരാതിയില്‍ തൃശൂരിലെ വിവിധ തിയേറ്ററുകളില്‍ അധികൃതര്‍ പരിശോധന നടത്തി. സിഗരറ്റുമായി നില്‍ക്കുന്ന നായകന്റെ പോസ്റ്ററുകള്‍ പിടിച്ചെടുത്തു. പോസ്റ്റര്‍ അടിച്ചവരുടെ അശ്രദ്ധയാണ് ഇവിടെ കേസിന് വഴിയൊരുക്കിയിരിക്കുന്നത്. കോടതിയില്‍ നിന്ന് സമന്‍സ് കിട്ടിയാല്‍ വിജയ് തൃശൂരിലേക്ക് വരുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍.
Leave a Comment