പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍

കൊട്ടിയം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ. നേതാവ് അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ. പ്ലാക്കാട് എ യൂണിറ്റ് ഭാരവാഹി ആദിച്ചനല്ലൂര്‍ പ്ലാക്കാട് മണ്ണഞ്ചേരില്‍ വീട്ടില്‍ വിനീത്കുമാറിനെ(28)യാണ് ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ പെണ്‍കുട്ടി ഒറ്റയ്ക്കായിരുന്ന സമയത്ത് വീട്ടിനുള്ളില്‍ അതിക്രമിച്ചുകയറി നിരവധി പ്രാവശ്യം പീഡിപ്പിച്ചതായാണ് പരാതി. രക്ഷിതാക്കള്‍ ചാത്തന്നൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് പോലീസ് കേസെടുക്കുകയായിരുന്നു. ഇതോടെ ഇയാള്‍ ഒളിവില്‍ പോയി.
വിദേശത്തായിരുന്ന പ്രതി ഏതാനും നാളുകള്‍ക്കുമുന്‍പാണ് നാട്ടിലെത്തിയത്. പിന്നീട് ഓട്ടോ െ്രെഡവറായി ജോലി ചെയ്തുവരികയായിരുന്നു. ഒളിക്യാമറ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഇത് ആവര്‍ത്തിച്ചതോടെ പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു. പിതാവ് ഇക്കഴിഞ്ഞ രണ്ടിന് ചാത്തന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ വന്നതോടെ നാട്ടില്‍ പ്രതിഷേധം ശക്തമായിരുന്നു.
തിങ്കളാഴ്ചയാണ് പ്രതിയെ ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ചാത്തന്നൂര്‍ എസ്.ഐ. സരിന്‍ പറഞ്ഞു.

pathram:
Related Post
Leave a Comment