ഐസിസി ട്വന്റി20 റാങ്കിങ്ങില്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് മുന്നേറ്റം; കോഹ് ലി പിന്നോട്ട്

മുംബൈ: ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ട്വന്റി20 പരമ്പര തൂത്തുവാരിയതിനു പിന്നാലെ ഐസിസി ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു മുന്നേറ്റം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവര്‍ക്കു പുറമെ കുല്‍ദീപ് യാദവ് ഉള്‍പ്പെടെയുള്ള ബോളര്‍മാരും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. ന്യൂസീലന്‍ഡിനെതിരായ പരമ്പര തൂത്തുവാരിയ പാക്കിസ്ഥാന്‍ താരങ്ങളും റാങ്കിങ്ങില്‍ മുന്നേറ്റം നടത്തി.
മൂന്നാമത്തെ മല്‍സരത്തില്‍ വിശ്രമം അനുവദിക്കപ്പെട്ടെങ്കിലും പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ട സ്പിന്നര്‍ കുല്‍ദീപ് യാദവ് ബോളര്‍മാരുടെ പട്ടികയില്‍ ഒറ്റയടിക്ക് 14 സ്ഥാനങ്ങള്‍ കുതിച്ചുകയറി 23ാം റാങ്കിലെത്തി. ട്വന്റി20യില്‍ കുല്‍ദീപിന്റെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്. രണ്ടു മല്‍സരങ്ങളില്‍നിന്ന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ്, 5.6 റണ്‍സ് മാത്രമാണ് ഓവറില്‍ ശരാശരി വിട്ടുകൊടുത്തത്.
പരമ്പരയില്‍ കളിക്കാതെ വിശ്രമിച്ച ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി റാങ്കിങ്ങില്‍ പിന്നാക്കം പോയപ്പോള്‍, പകരക്കാരന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലും നേട്ടമുണ്ടാക്കി. കരിയറിലെ നാലാം സെഞ്ചുറി സ്വന്തമാക്കിയ രോഹിത്, മൂന്നു സ്ഥാനങ്ങള്‍ കയറി ഏഴാം റാങ്കിലെത്തി. നാലാം സ്ഥാനത്തുള്ള ലോകേഷ് രാഹുല്‍ മാത്രമാണ് ഇന്ത്യന്‍ താരങ്ങളില്‍ രോഹിതിനു മുന്നിലുള്ളത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുന്നോടിയായി വിശ്രമം അനുവദിക്കപ്പെട്ട കോഹ്‌ലി രണ്ടു സ്ഥാനങ്ങള്‍ താഴേക്കിറങ്ങി 15ാമതായി.
മൂന്നാം ഏകദിനത്തില്‍ 92 റണ്‍സെടുത്ത് മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയ ഓപ്പണര്‍ ശിഖര്‍ ധവാനാണ് നേട്ടമുണ്ടാക്കിയ മറ്റൊരു താരം. അഞ്ചു സ്ഥാനങ്ങള്‍ കയറിയ ധവാന്‍ 16ാം സ്ഥാനത്തെത്തി. അവസാന മല്‍സരത്തില്‍ കന്നി ട്വന്റി20 അര്‍ധസെഞ്ചുറി നേടിയ ഋഷഭ് പന്ത് 100ാം സ്ഥാനത്തുണ്ട്. ബോളര്‍മാരില്‍ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുമ്രയും നേട്ടമുണ്ടാക്കി. ഭുവനേശ്വര്‍ ഒന്‍പതു സ്ഥാനങ്ങള്‍ കയറി 19ാം റാങ്കിലെത്തിയപ്പോള്‍ ബുമ്ര അഞ്ചു സ്ഥാനങ്ങള്‍ കയറി 21ലെത്തി. നാലാം സ്ഥാനത്തുള്ള യുസ്‌വേന്ദ്ര ചാഹല്‍ ഇന്ത്യന്‍ താരങ്ങളിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.ടീം വിഭാഗത്തില്‍ ഇന്ത്യ പാക്കിസ്ഥാനു പിന്നില്‍ രണ്ടാം സ്ഥാനത്താണ്. പരമ്പര തൂത്തുവാരി മൂന്നു പോയിന്റു സ്വന്തമാക്കിയ ഇന്ത്യയ്ക്ക് നിലവില്‍ 127 പോയിന്റുണ്ട്. ന്യൂസീലന്‍ഡിനെതിരായ പരമ്പര തൂത്തുവാരിയ പാക്കിസ്ഥാന്‍ രണ്ടു പോയിന്റു സ്വന്തമാക്കി 138ല്‍ എത്തി

pathram:
Leave a Comment