ശ്രീധരന്‍പിള്ളയെ അറസ്റ്റു ചെയ്യാനുള്ള ചങ്കൂറ്റം സര്‍ക്കാറിനുണ്ടോയെന്ന് മുരളീധരന്‍; ഡിജിപിയുടേത് ആര്‍എസ്എസ് നിലപാട്

തിരുവനന്തപുരം: കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തില്‍ പ്രസംഗം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യാനുള്ള ചങ്കൂറ്റം സര്‍ക്കാറിനുണ്ടോയെന്ന് കെ.മുരളീധരന്‍ എംഎല്‍എ. ചൊവ്വാഴ്ചയ്ക്കുള്ളില്‍ അറസ്റ്റു ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകുമോയെന്നും കോണ്‍ഗ്രസ് പ്രചാരണ വിഭാഗം മേധാവി കെ.മുരളീധരന്‍ എംഎല്‍എ ചോദിച്ചു. പൊലീസ് കേസെടുത്തതിനെതിരെ ശ്രീധരന്‍പിള്ള ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ കൊടുത്തിട്ടില്ല. ചൊവ്വാഴ്ചയാണ് അടുത്ത ഹിയറിങ്.അടുത്ത ഹിയറിങ് വരെ ശ്രീധരന്‍പിള്ളയെ അറസ്റ്റു ചെയ്യില്ലെന്നാണ് പൊലീസ് പറയുന്നത്. വേണമെങ്കില്‍ സര്‍ക്കാരിന് ശ്രീധരന്‍പിള്ളയെ രഥയാത്രയ്ക്കിടെ അറസ്റ്റു ചെയ്യാം. എല്‍.കെ. അഡ്വാനി നടത്തിയ രഥ യാത്രക്കിടെ ലാലു പ്രസാദ് യാദവ് അദ്ദേഹത്തെ അറസ്റ്റു ചെയ്തിരുന്നു. ആ ചങ്കൂറ്റം സര്‍ക്കാരിനുണ്ടോയെന്നും കെ.മുരളീധരന്‍ ചോദിച്ചു. ചൊവ്വാഴ്ചയ്ക്കകം ശ്രീധരന്‍പിള്ളയെ അറസ്റ്റു ചെയ്താല്‍ പ്രതിപക്ഷത്തിന്റെ എല്ലാ പിന്തുണയും സര്‍ക്കാരിനുണ്ടാകുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീവച്ചത് ആര്‍എസ്എസ് ആണെങ്കില്‍ എന്തു കൊണ്ട് പൊലീസ് അറസ്റ്റു ചെയ്യുന്നില്ല. എന്‍എസ്എസ് മന്ദിരം ആക്രമിച്ചവരെയും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഡിജിപിക്ക് ആര്‍എസ്എസ് നിലപാടാണ്. ഡിജിപിയായിരുന്ന സെന്‍കുമാര്‍ മാറിയപ്പോള്‍ ബെഹ്‌റയെ ആ സ്ഥാനത്തേക്ക് സര്‍ക്കാര്‍ തിരിച്ചു കൊണ്ടു വന്നു. ഗുജറാത്തില്‍ കലാപം നടന്ന സമയത്ത് അവിടെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനാണ് ബെഹ്‌റ. ആര്‍എസ്എസ് നിലപാടിനോട് യോജിപ്പുള്ള ഉദ്യോഗസ്ഥനായാണ് ബെഹ്‌റ കേരളത്തിലേക്ക് തിരിച്ചു വരുന്നത്.
മോദിയുമായി കൂടിക്കാഴ്ചയ്ക്കുശേഷം ബെഹ്‌റ ഡിജിപി തസ്തികയില്‍ കേരളത്തിലേക്ക് വന്നപ്പോള്‍ പലര്‍ക്കും ആ സമയത്ത് നിയമനത്തില്‍ സംശയമുണ്ടായി. അത് അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതാണ് ഡിജിപിയുടെ നടപടികള്‍. ആര്‍എസ്എസ് എന്തു ചെയ്താലും പൊലീസ് കയ്യും കെട്ടി നോക്കിനില്‍ക്കുന്നു. പൊലീസിന് തകരാര്‍ സംഭവിച്ചാല്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കുമാണ് ഉത്തരവാദിത്തം. രണ്ടുപേരും ഈ വിഷയത്തില്‍ കുറ്റക്കാരാണ്. മുഖ്യമന്ത്രി സ്വന്തം വീഴ്ച മറയ്ക്കുന്നതിനു വേണ്ടിയാണ് കോണ്‍ഗ്രസിനെ ബിജെപിയുമായി ബന്ധിപ്പിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

pathram:
Leave a Comment