നോട്ട് നിരോധനിച്ചിട്ട് ഇന്നേയ്ക്ക് രണ്ടു വര്‍ഷം

ഡല്‍ഹി: നോട്ട് നിരോധനിച്ചിട്ട് ഇന്നേയ്ക്ക് രണ്ടു വര്‍ഷം. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുകയാണ്. നോട്ടു നിരോധനത്തിലൂടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ത്ത മോദി ഇന്ന് രാജ്യത്തോട് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ആവശപ്പെട്ടു. വൈകീട്ട് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും.
2016 നവംബര്‍ എട്ടിന് രാത്രി എട്ടു മണിക്കാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. കള്ളപ്പണത്തിനും കള്ള നോട്ടിനുമെതിരായ യുദ്ധമെന്ന നിലയിലായിരുന്നു പ്രഖ്യാപനം. ഭീകര വാദികള്‍ക്കുള്ള സാമ്പത്തിക വഴി അടയ്ക്കാനാണെന്നുകൂടി മോദി വ്യക്തമാക്കി. പക്ഷേ നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും തിരികെ ബാങ്കിലെത്തിയെന്ന് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വെളിപ്പെടുത്തി.
ഇതോടെ കള്ളപ്പണം തടയാനാണ് നോട്ടു നിരോധനമെന്ന് മോദിയുടെ അവകാശവാദത്തെ വിമര്‍ശകര്‍ ചോദ്യം ചെയ്തു. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം നോട്ട് നിരോധനമെന്ന തുഗ്ലക്ക് പരിഷ്‌കാരമെന്ന് വിമര്‍ശിച്ചാണ് മോദി ക്ഷമ ചോദിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
നാളെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധിക്കും. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനെ റിസര്‍വ് ബാങ്ക് എതിര്‍ക്കുന്ന വേളയിലാണ് നോട്ട് നിരോധനവും സാമ്പത്തിക പ്രതിസന്ധിയും ആയുധമാക്കി മോദിയെ കോണ്‍ഗ്രസ് നേരിടുന്നത്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 3.6 ലക്ഷം കോടി കൈമാറണമെന്ന കേന്ദ്രത്തിന്റെ ആവശ്യം ആര്‍.ബി.ഐ തള്ളിയതാണ് തര്‍ക്കത്തിന് കാരണം.
യു.പി. അടക്കമുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നോട്ടു നിരോധനം മോദി മുഖ്യ പ്രചാരണ വിഷയമാക്കിയെങ്കില്‍ മധ്യപ്രദേശ് അടക്കം അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അതേവിഷയം മോദിക്കെതിരെ കോണ്‍ഗ്രസ് ആയുധമാക്കുകയാണ്.

pathram:
Leave a Comment