മദ്യപിച്ച് കാര്‍ഗോകള്‍ക്കിടെ കിടന്ന് ഉറങ്ങിപ്പോയ ജീവനക്കാരനേയും കൊണ്ട് വിമാനം കന്‍സാസില്‍ നിന്ന് ഷിക്കാഗോ വരെ പറന്നു

ഷിക്കാഗോ: മദ്യപിച്ച് കാര്‍ഗോകള്‍ക്കിടെ കിടന്ന് ഉറങ്ങിപ്പോയ ജീവനക്കാരനേയും കൊണ്ട് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനം കന്‍സാസില്‍ നിന്ന് ഷിക്കാഗോ വരെ പറന്നു. വായുമര്‍ദവും താപനിലയും നിയന്ത്രിക്കാത്ത കാര്‍ഗോ ഹോള്‍ഡില്‍ ഒന്നര മണിക്കൂര്‍ തങ്ങിയ ഇയാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഷിക്കാഗോയില്‍ എത്തുന്നതുവരെ ആരും ഇക്കാര്യം ശ്രദ്ധിച്ചില്ലെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്ത ശേഷം കേസൊന്നും ചാര്‍ജ്ജ് ചെയ്തില്ലെങ്കിലും ഇയാളെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്.
ഒക്ടോബര്‍ 27നാണ് സംഭവം. അമേരിക്കന്‍ എയര്‍ലൈനിന്റെ ബാഗേജ് റാമ്പില്‍ ജോലി ചെയ്യവേ ക്ഷീണമകറ്റാനാണ് ഈ 23കാരന്‍ വിമാനത്തിലെ കാര്‍ഗോ ഹോള്‍ഡില്‍ കയറി കിടന്നത്. വിമാനം ഷിക്കാഗോയില്‍ ഇറങ്ങിയ ശേഷമാണ് അധികൃതര്‍ക്ക് കാര്യം മനസിലായത്. പ്രാദേശിക സമയം പുലര്‍ച്ചെ 5.52 ന് പറന്നുയര്‍ന്ന വിമാനം 7.30 ഷിക്കാഗോയില്‍ ഇറങ്ങുന്നതുവരെ ഒന്നര മണിക്കൂറിലധികം ഇയാള്‍ വിമാനത്തിലുണ്ടായിരുന്നു.
ഷിക്കാഗോയില്‍ ഉറങ്ങിയ ശേഷം ഇയാളെ വിമാനത്താവള അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. പിന്നീട് പോലീസും എഫ്ബിഐയും ഇയാളെ ചോദ്യം ചെയ്തു. മദ്യപിച്ചതു കാരണം ഉറങ്ങിപ്പോയതാണെന്ന് ഇയാള്‍ പറഞ്ഞതായി പോലീസ് വക്താവ് അന്തോണി ഗ്യുഗ്ലില്‍മി പറഞ്ഞു.

pathram:
Related Post
Leave a Comment