ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍; പിണറായി വിജയന്‍ അടക്കം മുഴുവന്‍ പ്രതികളെയും വിചാരണ ചെയ്യണമെന്ന് സിബിഐ

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഇന്നു പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മുഴുവന്‍ പ്രതികളെയും വിചാരണ ചെയ്യണമെന്ന സിബിഐയുടെ ആവശ്യവും കുറ്റവിമുക്തരാക്കണമെന്ന മൂന്ന് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരുടെ ഹര്‍ജികളുമാണു കോടതി പരിഗണിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണു സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. പിണറായിക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും അഴിമതിക്കുള്ള ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും സിബിഐ വാദിക്കുന്നു. കുറ്റപത്രത്തില്‍നിന്ന് പിണറായി അടക്കം പ്രതികളെ ഹൈക്കോടതി ഒഴിവാക്കിയതു വസ്തുതകള്‍ പരിശോധിക്കാതെയാണ്. വിധി റദ്ദുചെയ്യണമെന്നും സിബിഐയുടെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

വിചാരണ നേരിടണമെന്നു ഹൈക്കോടതി നിര്‍ദേശിച്ച മൂന്നു കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങളെയും കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആര്‍. ശിവദാസ്, കസ്തൂരിരംഗഅയ്യര്‍, കെ.ജി. രാജശേഖരന്‍ എന്നിവരാണു ഹര്‍ജി സമര്‍പ്പിച്ചത്. ഈ ആവശ്യത്തില്‍ സിബിഐയുടെ മറുപടി കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്.

pathram:
Related Post
Leave a Comment