പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ സ്ഥാനം നടന്‍ അനുപം ഖേര്‍ രാജിവെച്ചു

പൂനെ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ സ്ഥാനം നടന്‍ അനുപം ഖേര്‍ രാജിവെച്ചു. യുഎസില്‍ നിന്നുള്ള അന്താരാഷ്ട്ര ടിവി ഷോയില്‍ പങ്കെടുക്കുന്നതിന്റെ തിരക്കുകള്‍ കാരണമാണ് രാജിയെന്നാണ് വിശദീകരണം. 2017 ലാണ് അനുപം ഖേര്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത്.
അനുപം ഖേറിന്റെ രാജിക്കത്ത് വാര്‍ത്ത വിതരണ മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് സ്വീകരിച്ചു.ഗജേന്ദ്ര ചൗഹാന് പകരമായിരുന്നു അനൂപ് ഖേര്‍ എഫ്ടിഐഐയുടെ ചെയര്‍മാനായി സ്ഥാനമേറ്റത്. അനുപം ഖേറിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള നിയമനത്തിനെതിരെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ 139 ദിവസം നിരാഹാര പ്രതിഷേധം അരങ്ങേറിയിരുന്നു. സെപ്റ്റംബര്‍ 25 ന് സംപ്രേഷണം ആരംഭിച്ച യുഎസ് ടിവി ഷോ ആയ ന്യൂ ആംസ്റ്റര്‍ഡാമിലാണ് നിലവില്‍ അനുപം ഖേര്‍ പങ്കെടുക്കുന്നത്. ടെലിവിഷന്‍ പരമ്പരയില്‍ ഡോക്ടര്‍ വിജയ് കപൂര്‍ എന്ന റോളാണ് അനുപം ഖേര്‍ ചെയ്യുന്നത്.
അതേസമയം മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ജീവിത കഥ പ്രമേയമാകുന്ന സിനിമയില്‍ നായകനാണ് അനുപം ഖേര്‍. ദ് ആക്സിഡന്റ് പ്രൈം മിനിസ്റ്റര്‍ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. വിജയ് രത്നാകര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

pathram:
Related Post
Leave a Comment