ശബരിമല: ശബരിമലയില്‍ മണ്ഡല മകരവിളക്ക് സീസണില്‍ യുവതീ പ്രവേശനം സാധ്യമാക്കുമെന്നതിനായി സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഇതിനായി ശബരിമലയിലെ സുരക്ഷാചുമതല ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ ഡിജിപിയുടെ തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കൂടുതല്‍ ഐജിമാരെയും എസ്പിമാരെയും ശബരിമലയില്‍ നിയോഗിക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചു. എഡിജിപി എസ്. ആനന്ദ കൃഷ്ണനാണ് സേനയുടെയും അനുബന്ധ സംവിധാനങ്ങളുടെയും ഏകോപനച്ചുമതല.
അയ്യായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് സന്നിധാനത്തും ശബരിമലയിലുമായി നിയോഗിക്കുക. ചീഫ് പൊലീസ് കണ്‍ട്രോളര്‍ എഡിജിപി അനില്‍ കാന്തായിരിക്കും. ജോയിന്റ് പൊലീസ് കണ്‍ട്രോളര്‍ ഐജി മനോജ് എബ്രഹാം. സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാച്ചുമതല രണ്ട് ഐജിമാര്‍ക്കാണ്.
എട്ട് എസ്പിമാരെയും ശബരിമലയില്‍ വിന്യസിക്കും. സന്നിധാനം – 2, മരക്കൂട്ടം – 1, പമ്പ – 2, നിലയ്ക്കല്‍ – 2, എരുമേലി – 1 എന്നിങ്ങനെ എസ്.പിമാരെ വിന്യസിക്കും.
അതിനിടെ കലാപമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായുടെ വാക്ക് കേട്ട് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ അതിന്റെ ഫലം അനുഭവിക്കുമെന്നു പിണറായി മുന്നറിയിപ്പു നല്‍കി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നതിന്റെ ഭാഗമായി എല്‍.ഡി.എഫ്. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും കലൂര്‍ സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാന്തിയും സമാധാനവും പുലരേണ്ട സ്ഥലമാണ് ശബരിമലയെന്ന് ഇതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ത്തുന്നവര്‍ മനസിലാക്കണം. ശബരിമല സമരത്തിന് നേതൃത്വം കൊടുത്തവരില്‍ ഒരാള്‍ സന്നിധാനത്ത് രക്തമോ മൂത്രമോ വീഴ്ത്താന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നു പറഞ്ഞു. രക്തമൊഴുക്കാന്‍ ഏതായാലും ഇവര്‍ തയാറാവില്ല. മൂത്രമൊഴിക്കാന്‍ തന്നെയാകും പദ്ധതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹസിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ടു സംഘപരിവാര്‍ മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നങ്ങള്‍ മുതലെടുക്കാനാണ് അമിത് ഷായുടെ വരവ്. എന്നാല്‍ ഇതു കേരളമാണ്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ ഇത്തരം നീക്കങ്ങളിലൂടെ സര്‍ക്കാരുകളെ താഴെയിറക്കിയിട്ടുണ്ടാകും. കേരളത്തില്‍ അത്തരം നീക്കങ്ങള്‍ നടക്കില്ലെന്ന് ബി.ജെ.പിയും അമിത്ഷായും തിരിച്ചറിയണമെന്നു മുഖ്യമന്ത്രി പറഞ്ഞു.
നിയമവാഴ്ചയ്ക്കും വിശ്വാസികള്‍ക്കുമൊപ്പമാണ് സര്‍ക്കാര്‍. ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ സുപ്രീം കോടതി വിധിയ്‌ക്കൊപ്പമാണ് സര്‍ക്കാര്‍. നാളെ കോടതി വിധി മാറ്റിയാല്‍ അതും സര്‍ക്കാര്‍ നടപ്പാക്കും. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസികളെ പോലീസ് അറസ്റ്റ് ചെയ്യുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നു. അക്രമത്തിന് നേതൃത്വം നല്‍കിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. നിയമവാഴ്ച തടസപ്പെടുത്തുന്നവര്‍ ആരായാലും അറസ്റ്റിലാകും. അവിടെ ജാതിക്കോ, മതത്തിനോ സ്ഥാനമില്ല. സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നതിലൂടെ സമൂഹത്തെ പിന്നോട്ട് അടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.
എന്നാല്‍ കേരളം അക്കൂട്ടര്‍ക്ക് സ്ഥാനം നല്‍കില്ല. ശബരിമലയില്‍ മുന്‍പും യുവതികള്‍ പ്രവേശിച്ചിട്ടുണ്ട്. ചോറൂണുള്‍പ്പെടെയുള്ള ചടങ്ങുകള്‍ അവിടെ നടത്തിയിട്ടുമുണ്ട്. പല കാര്യത്തിലുമെന്നപോലെ ശബരിമല വിഷയത്തിലും മനസുകൊണ്ട് കോണ്‍ഗ്രസ് ബി.ജെ.പിക്കൊപ്പമാണ്. കേരളത്തിലും അത്തരം നിലപാടുകള്‍ സ്വീകരിക്കുകയാണെങ്കില്‍ ദേശീയ രാഷ്ട്രീയത്തിലെന്നപോലെ സ്വയം നാശത്തിലേക്കാവും കോണ്‍ഗ്രസ് പോവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ മാത്യു ടി. തോമസ്, രാമചന്ദ്രന്‍ കടന്നപ്പിള്ളി, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Comment