കൊച്ചി : ശബരിമല യുവതി പ്രവേശന വിധിയെതുടര്‍ന്ന് സന്നിധാനത്തു പ്രവേശിക്കാന്‍ ശ്രമിച്ച രഹ്നാ ഫാത്തിമ മുന്‍കൂര്‍ ജമ്യാപേക്ഷയുമായി ഹൈകോടതിയില്‍. മതവികാരത്തെ വൃണപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസിലാണ് രഹ്ന മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.
ശബരിമലയില്‍ സന്ദര്‍ശിച്ച് മതവികാരം വൃണപ്പെടുത്താന്‍ ശ്രമിച്ച രഹ്നക്കെതിരെ പത്തനംതിട്ട പോലീസാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. മതവിശ്വാസത്തെ അവഹേളിക്കാന്‍ ശ്രമിച്ചുവെന്നും സാമൂഹ്യ മാധ്യമങ്ങള്‍ വഴി മതവികാരം വൃണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്നതുമാണ് രഹ്നക്കെതിരായി ലഭിച്ചിരിക്കുന്ന പരാതികള്‍. കോട്ടയം തൃക്കൊടിത്താനം സ്വദേശി രാധാകൃഷ്ണമേനോനാണ് പരാതി നല്‍കിയിരിക്കുന്നത്.
ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതുമുതല്‍ ചില സ്ത്രീകള്‍ അയ്യപ്പ ദര്‍ശനത്തിനായി എത്തിയിരുന്നു. എന്നാല്‍ പലര്‍ക്കും പമ്പയില്‍ പോലും പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഭക്തരുടെ പ്രതിഷേധം മറികടന്ന രഹ്ന നടപ്പന്തല്‍ വരെ എത്തിയെങ്കിലും പ്രതിഷേധം ശക്തമായതോടെ പോലീസ് സംരക്ഷണത്തില്‍ തിരിച്ചിറങ്ങുകയായിരുന്നു. ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിനു പിന്നാലെ രഹ്നയുടെ കൊച്ചിയിലെ വീട് ആക്രമിക്കപ്പെടുകയും. ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍നിന്നും സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
Leave a Comment