തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കണം

മുംബൈ: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന പ്രതികരണവുമായി സെയ്ഫ് അലി ഖാന്‍. മീടൂ കാമ്പയിന്‍ രാജ്യമൊട്ടാകെ തരംഗമാകുന്ന സാഹചര്യത്തിലാണ് സെയ്ഫിന്റെ പ്രതികരണം. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സെയ്ഫ് ഇതേക്കുറിച്ച് പ്രതികരിച്ചത്.
തന്റെ കുടുംബത്തിലെ സ്ത്രീകളെ തൊട്ടുകളിക്കാന്‍ ആര്‍ക്കും ധൈര്യം വരില്ലെന്ന് സെയ്ഫ് പറഞ്ഞു. സെയ്ഫിന്റെ മകള്‍ സാറ അലിഖാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന സാഹചര്യത്തിലായിരുന്നു സെയ്ഫിന്റെ പ്രതികരണം. സിനിമയും കുടുംബവും തനിക്ക് മാറ്റി നിര്‍ത്താന്‍ കഴിയില്ല. അമ്മയും (ഷര്‍മിള ടാഗോള്‍) ഭാര്യയും (കരീന കപൂര്‍) സഹോദരിയുമെല്ലാം (സോഹ അലി ഖാന്‍) സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരാണ് സെയ്ഫ് പറഞ്ഞു.
നമ്മുടെ സമൂഹത്തില്‍ തുല്യതയില്ല. പക്ഷേ,പുരോഗമന ചിന്താഗതിയിലൂടെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നമുക്ക് സാധിക്കും. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് ഭയം കൂടാതെ ജോലി ചെയ്യാനുള്ള സാഹചര്യം നമുക്ക് ഒരുക്കിക്കൊടുക്കാന്‍ സാധിക്കും സെയ്ഫ് പറഞ്ഞു.
വര്‍ഷങ്ങളായി ബോളിവുഡില്‍ ഈ പ്രവണത നിലനില്‍ക്കുന്നുണ്ടെന്നും 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലൈംഗികമായല്ലെങ്കിലും മാനസികമായി താന്‍ വല്ലാതെ അപമാനിക്കപ്പെട്ടിട്ടുണ്ടെന്നും സെയ്ഫ് പറഞ്ഞു. ലൈംഗികാരോപണം നേരിടുന്ന സിനിമാപ്രവര്‍ത്തകര്‍ക്കൊപ്പം ജോലി ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സെയ്ഫ് വ്യക്തമാക്കി.

pathram:
Leave a Comment