അച്ഛനെക്കുറിച്ചുള്ള നീരജ് മാധവിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു…എന്റെ ഫോണില്‍ മലയാളം കീബോര്‍ഡ് ഉണ്ടേടാ’

അച്ഛനെക്കുറിച്ചുള്ള നീരജ് മാധവിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. മലബാറുകരുടെ ലാളിത്യത്തെക്കുറിച്ച് വിശദീകരിക്കുന്ന പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

ഫേയ്‌സ്ബുക്ക് പോസ്റ്റ് താഴെ

കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് വച്ചുണ്ടായ രസകരമായ ഒരനുഭവം അമ്മയെന്നോട് പറഞ്ഞു, പിറകേ വാട്‌സാപ്പില്‍ അച്ഛന്റെ ഒരു കുറിപ്പും, വായിച്ചു നോക്കിയപ്പോള്‍ ഏറെ കൗതുകം തോന്നി. പണ്ട് കവിതകളും ചെറുകഥകളും എഴുതിയിരുന്ന അച്ഛന്‍ വീണ്ടും എഴുതാന്‍ തുടങ്ങിയിതിന്റെ സന്തോഷവും. ലഘുവായ ആ അനുഭവക്കുറിപ്പ് ഇവിടെ ഞാന്‍ പങ്ക് വയ്ക്കുന്നു.

*. *. *
ഇന്ന് തെളിഞ്ഞു നിന്ന സായാഹ്നം എനിക്കും ഭാര്യക്കും ഒരു ഔട്ടിങ്ങിന്റെ പൂതിയുണ്ടാക്കി ..അതും ഒരു ടൂ വീലറില്‍ കോഴിക്കോട് ബീച്ചില്‍ കറങ്ങാന്‍ .ഞായറാഴ്ചയുടെ തെളിഞ്ഞ വൈകുന്നേരം കടപ്പുറാം
ജന നിബിഢമായിരുന്നു .എല്ലാവരും ഉത്സവത്തിന്റെ മൂഡിലും .ഞങ്ങളും പ്രായം മറന്നു കടലിന്റെ സൗന്ദര്യത്തിലും വിസ്മയത്തിലും പങ്കു ചേര്‍ന്നു .പിറകോട്ടു പോയ കാലത്തിന്റെ യൗവ്വന സ്മരണകളില്‍ ഓരോ ഐസുരുതി ആവാമെന്നു തീരുമാനിച്ചു .നാല്‍പതു രൂപ പേഴ്‌സില്‍ നിന്നെടുത്തു കൊടുത്തു. എരിമധുരമുള്ള ഐസുരുതിയുടെ വൃത്തിയും
രസതന്ത്രവും മറന്ന് കടലിനും കട്ടപ്പുറത്തിനും ചേര്‍ന്ന് ബാല്യവും യൗവ്വനവും വീണ്ടെടുത്തു .പ്രിയപ്പെട്ട എന്നുംകാണുന്ന കോഴിക്കോട് ബീച്ചു പൂത്തുലഞ്ഞു നിന്നപോലെ തോന്നി .എല്ലാവരെയും പോലെ അസ്തമയ സൂര്യനെ സാക്ഷിയാക്കി ചില സെല്‍ഫികള്‍ .ഒട്ടേറേ നടന്ന് ചില വെള്ളച്ചാലുകള്‍ ചാടിക്കടന്നു മടങ്ങി റോഡില്‍ തീരിചെത്തിയപ്പോള്‍ ഒരു വൃദ്ധന്‍ ലോട്ടറി ടിക്കറ്റുമായി മുന്നില്‍ വന്ന് ഒരെണ്ണമെടുക്കാന്‍ നിര്‍ബന്ധിച്ചു, ആവാമെന്ന് കരുതി പോക്കറ്റില്‍ തപ്പിയപ്പോള്‍ പേഴ്‌സില്ല .
എവിടേയോ വീണു പോയിരിക്കുന്നു ..ടിക്കറ്റ് തിരിച്ചു കൊടുത്തപ്പോള്‍ അയാള്‍ പറഞ്ഞു .ഇനി എവിടെ കിട്ടാന്‍ . നേരമിരുട്ടിയിരുന്നു,
എങ്കിലും ഞങ്ങള്‍ മൊബൈല്‍ വെളിച്ചത്തില്‍ ചുമ്മാ രണ്ടു കിലോമീറ്റര്‍ അങ്ങോട്ടും ഇങ്ങോട്ടും പേഴ്‌സ് പരതി നടന്നു ..ഐസ് ഒരുതി വണ്ടികളുടെ നീണ്ട നിര, പഴയ ഐസ്
ഐസുരുതി കാരനെ കണ്ടുപിടിക്കാന്‍ നന്നെ പാടുപെട്ടു,കാര്യം പറഞ്ഞു .അയാളും അനുകമ്പ കാട്ടി പറഞ്ഞു ..’അത് കിട്ടില്ല .പിന്നെ നാളേറ്റിങ്ങള്‍ക്കു കിട്ടിയാല്‍ ലൈസന്‍സും എടിഎം കാര്ഡും തന്നാലായി .
എട്ടായിരത്തി ചില്ലാനും രൂപാ ,ഒറിജിനല്‍ െ്രെഡവിങ് ലൈസന്‍സ് ,രണ്ട് എ ടി എം കാര്‍ഡുകള്‍ , ജാള്യതയും നഷ്ടബോധവും മറച്ചു ഞാന്‍ ബീച്ചിലുള്ള സുഹൃത്തിന്റെ ഹോട്ടലില്‍ കയറി ..കാര്യം പറഞ്ഞു കുറച്ചു കാശ് കടം ചോദിച്ചു.
ഏറെ കാലത്തിനു ശേഷം കണ്ട സുഹൃത്ത് അവിടുന്നു കഴിച്ചിട്ട് പോകാമെന്ന് നിര്‍ബന്ധിച്ചെങ്കിലും വിശപ്പില്ലെന്ന് പറഞ്ഞു നിരസിച്ചു, വാസ്തവത്തില്‍ നല്ല വിശപ്പുണ്ടായിരുന്നെങ്കിലും വെജിറ്റേറിയന്‍ തീവ്രവാദിയായിരുന്ന ഭാര്യക്ക് മറ്റൊരു ഹോട്ടലില്‍ പോകണമായിരുന്നു . അങ്ങനെ കാശും കടം മേടിച്ചു അവിടുന്നിറങ്ങാന്‍ തുടങ്ങുബോള്‍ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു

‘മാധവേട്ടനാണോ?’
‘അതേ ,ആരാ ?’
‘ഞാന്‍ മുഹമ്മദ് ,നിങ്ങളിന്നു ബീച്ചില്‍ പോയിരുന്നോ ?വല്ലതും കളഞ്ഞു പോയോ’?
‘പോയി ,എന്റെ പേഴ്‌സ് പോയി,നിങ്ങള്‍ എവിടുന്നാ വിളിക്കുന്നെ ?’
‘ഞാന്‍ നിങ്ങടെ വീട്ടില്‍ നിന്നു’
‘ങേ ?’
‘കടപ്പുറത്ത്ന്ന് പേഴ്‌സ് കളഞ്ഞുകിട്ടി
ലൈസന്‍സിലെ അഡ്രസ് നോക്കി ഞങ്ങളിവിടെ വന്നു .അയല്‍ക്കാരനോട് നമ്പറ് വാങ്ങി വിളിക്കുകയാ..’
മലപ്പുറം അരീക്കോട്കാരനായ മുഹമ്മദിന്റെ നിഷ്‌ക്കളങ്കമായ വാക്കുകള്‍ കേട്ട് ഞാന്‍ അംബരന്നു. ഏറിയ സന്തോഷത്തില്‍
ഞാന്‍ പറഞ്ഞു ,
‘മുഹമ്മദേ എനിക്ക് നിങ്ങളെ നേരില്‍ കാണണം, അവിടെത്തന്നെ നില്‍ക്ക്, ഞാനല്‍പം ദൂരെയാണു.’
‘ഏയ് ,അതൊന്നും വേണ്ടാ .ഇവിടെ കൊടുത്തിട്ട്, പോകാം സമയം പൊലെ വന്നാ മതി’
ഫോണ്‍ നിലച്ചു,എന്നാലങ്ങനെയവട്ടെന്ന് കരുതി ഞാന്‍ ഭാര്യയോടൊപ്പം നല്ലൊരു ഹോട്ടലില്‍ പോയി കടം വാങ്ങിയ കാശിനു വയറു നിറയെ ഫുഡ്ഡഡിച്ചു. ഭാര്യയും ഞാനും ഡബിള്‍ ഹാപ്പി. വീട്ടില്‍ തിരിച്ചത്തിയ ഉടനെ വാട്‌സ് ആപ്പില്‍ പരതിയെടുത്ത് ഞാന്‍ മുഹമ്മദിനു ഇങ്ങനെ കുറിപ്പയച്ചു;

‘പ്രിയപ്പെട്ട മുഹമമദ്
പെഴ്‌സും പണവും മറ്റ് വിലപ്പെട്ട വസ്തുക്കളും കൈപറ്റി!.എങ്ങനെ നന്ദി അറിയിക്കണമെന്ന് അറിയില്ല .ഒരിക്കലും തിരിച്ചു കിട്ടുമെന്നു വിചാരിച്ചില്ല ..ആയിരക്കണക്കിനു ആളുകള്‍ തിങ്ങി നിറഞ്ഞ കോഴിക്കോട് ബീച്ചില്‍ നിന്ന് കളഞ്ഞു കിട്ടിയ പേഴ്‌സുമായി വീട് അന്വേഷിച്ചു വന്ന് ഭദ്രമായി ഏല്പിച്ച നിങ്ങളെപ്പോലെ ഉള്ള യുവാക്കള്‍ ഉള്ളിടത്തോളം മനുഷ്യ ബന്ധം നിലനില്‍ക്കും.
നഷ്ടപെട്ട പേഴ്‌സ് മാത്രമല്ല ,വരും കാലത്തെ പ്രതീക്ഷകള്‍ കൂടിയാണ് തിരിച്ചു കിട്ടിയത്.
താങ്കളുടെയും സുഹൃത്തിനെയും ഫോട്ടോ ദയാവായി അയച്ചു തരിക.
ഡോ .കെ .മാധവന്‍ ‘
മുഹമ്മദ് സന്തോഷത്തോടെ മറുപടി അയച്ചു, എങ്കിലും ഫൊട്ടൊ കിട്ടിയില്ല, ഞാന്‍ നിര്‍ബന്ധിച്ചുമില്ല, ഒരുപക്ഷെ അയാള്‍ അറിയപ്പെടാന്‍ ആഗ്രഹിച്ചിട്ടുണ്ടാവില്ല. ഇക്കാലത്ത് ഇങ്ങനെയും ചിലര്‍! സംഭവബഹുലമായ ദിവസത്തിന്റെ പരിസമാപ്തിയില്‍ നടന്നതെല്ലാം ഒരിക്കല്‍ക്കൂടെ സ്മരിച്ച് കൃതാര്‍ത്ഥനായി ഞാന്‍ ഉറങ്ങാന്‍ കിടന്നു.

*. *. *
വാല്‍ക്കഷ്ണം: സംഭവം വിവരിക്കുമ്പോള്‍ അമ്മ പറഞ്ഞിരുന്നു അച്ഛന്‍ എന്തോ എഴുതുന്നുണ്ടെന്ന്, ഞാന്‍ കൈപ്പടയില്‍ ഉള്ള ഒരു കുറിപ്പാണു പ്രതീക്ഷിച്ചത്, നോക്കുംബോള്‍ വാട്‌സാപ്പില്‍ ഒരു ഡിജിറ്റല്‍ കുറിപ്പ്, ചോദിച്ചപ്പോള്‍ ‘ എന്റെ ഫോണില്‍ മലയാളം കീബോര്‍ഡ് ഉണ്ടേടാ’ എന്നായിരുന്നു മറുപടി!

pathram:
Related Post
Leave a Comment