സന്നിധാനം: ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്നും ഒരു യുവതി പൊലീസിനെ സമീപിച്ചു. സുരക്ഷ നല്‍കാമെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് യുവതി പമ്പയിലേക്കു പോയി. കറുകച്ചാല്‍ നെടുംകുന്നം സ്വദേശി ബിന്ദു ടി. വാസുവാണു ദര്‍ശനത്തിനായി സുരക്ഷ തേടിയത്. രാവിലെ എരുമേലി പൊലീസ് സ്‌റ്റേഷനെയാണ് യുവതി ആദ്യം സമീപിച്ചത്. സുരക്ഷ നല്‍കാന്‍ സാധിക്കില്ലെന്ന് അവര്‍ വ്യക്തമാക്കിയതോടെ ബിന്ദു പമ്പയിലേക്കു പുറപ്പെടുകയായിരുന്നു. അതേസമയം, ബിന്ദുവിന്റെ നെടുംകുന്നത്തെ തറവാടിനു മുന്നില്‍ വിശ്വാസികള്‍ ഒത്തു ചേരുന്നു. പൊലീസും സ്ഥലത്തെത്തി. വിവാഹ ശേഷം ബിന്ദു കോഴിക്കോടാണു താമസം. വീട്ടില്‍ ഇപ്പോള്‍ മാതാപിതാക്കള്‍ മാത്രമാണുള്ളത്.
സന്നിധാനത്തേക്കു പോകുന്നതിനു വേണ്ടി ശബരി എക്‌സ്പ്രസില്‍ യുവതികളായ ഭക്തര്‍ എത്തുന്നുണ്ടെന്ന് ഇന്നലെ വിവരമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ സുരക്ഷ ശക്തമാക്കി. യുവതികള്‍ എത്തിയാല്‍ തടയാന്‍ ഭക്തരും സംഘടിച്ചു. എന്നാല്‍ ചെങ്ങന്നൂരില്‍ യുവതികളായ ഭക്തര്‍ ആരും ഇന്നലെ ഇവിടെ എത്തിയിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗീയത ഇളക്കിവിട്ട് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കോണ്‍ഗ്രസിനെ പിണറായി നവോത്ഥാനം പഠിപ്പിക്കേണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. തങ്ങള്‍ വിശ്വാസ സമൂഹത്തിന്റെ വികാരങ്ങളോട് ചേര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കോനുള്ള പക്വത മുഖ്യമന്ത്രി കാണിക്കണമായിരുന്നു. കേരളത്തിന്റെ ഭരണകൂടം കാണിക്കണമായിരുന്നു. പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.
കേരളത്തിന്റെ മുഖ്യമന്ത്രി ഇവിടെ വര്‍ഗീയത പരത്തുന്നു. പിണറായി വിജയന്‍ മൂന്നരക്കോടി ജനതയുടെ മുഖ്യമന്ത്രി ആണെങ്കില്‍ കൂടുതല്‍ സമചിത്തതയോടെ ഇത്തരം പ്രശ്‌നങ്ങളെ നേരിടണം. മറ്റ് സുപ്രീം കോടതി വിധികള്‍ നടപ്പാക്കാന്‍ ഇത്ര ആവേശം സര്‍ക്കാറിനില്ല. ഇത് കേരള ജനതയെ കബളിപ്പിക്കലാണ്.
പിണറായി കോണ്‍ഗ്രസിനെ നവോത്ഥാനം പഠിപ്പിക്കണ്ട. 1939 ല്‍ ഉണ്ടായ ഒരു പാര്‍ട്ടി കോണ്‍ഗ്രസിനെ നവോത്ഥാനം പഠിപ്പിക്കാനായിട്ടില്ല. കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം വഹിച്ചത് കോണ്‍ഗ്രസാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Leave a Comment