മുതിര്‍ന്ന നടന്മാര്‍ക്കെതിരേ നടിമാരുടെ മീ ടൂ വെളിപ്പെടുത്തല്‍; അമ്മയുടെ വനിതാ സെല്‍ ആദ്യ മീറ്റിങ്ങില്‍ ഉണ്ടായത്…

കൊച്ചി: താരസംഘടനയായ അമ്മയില്‍ മൂന്ന് അംഗങ്ങളെ ഉള്‍പ്പെടുത്തി വനിതാ സെല്‍ രൂപീകരിക്കാനായിരുന്നു ഈ മാസം ആദ്യം ചേര്‍ന്ന അമ്മ നിര്‍വാഹക സമിതിയുടെ തീരുമാനം. പ്രസിഡന്റ് മോഹന്‍ലാലിന്റെ നിര്‍ദേശം അനുസരിച്ചായിരുന്നു ഇത്. വനിതാ സെല്ലിന്റെ ആദ്യ യോഗത്തില്‍ ‘മീ ടൂ’ വെളിപ്പെടുത്തലുകളും ആരോപണങ്ങളുമാണ് ഉയര്‍ന്നുവന്നത്. 12 നടിമാര്‍ പങ്കെടുത്ത യോഗത്തിലാണ്, മോശമായി പെരുമാറിയതായുള്ള വെളിപ്പെടുത്തലുകള്‍ മുതിര്‍ന്ന നടന്‍മാര്‍ക്കെതിരെ ഉള്‍പ്പെടെ വന്നത്. ഇക്കാര്യമടക്കം യോഗത്തിലെ ചര്‍ച്ചകളെല്ലാം റെക്കോര്‍ഡ് ചെയ്തിട്ടുമുണ്ട്.
വെള്ളിയാഴ്ചത്തെ നിര്‍വാഹക സമിതിക്കുശേഷം നടന്ന പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ്, കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരന്‍ എന്നിവരാണ് വനിതാ സെല്‍ അംഗങ്ങളെന്നു വ്യക്തമാക്കിയത്. എന്നാല്‍, അമ്മ യോഗത്തിനുശേഷം അതേ ഹോട്ടലില്‍ വനിതാ സെല്ലിന്റെ ആദ്യയോഗം കൂടിയപ്പോള്‍ ഇവര്‍ക്കൊപ്പം, ക്ഷണിക്കപ്പെട്ട 9 നടിമാര്‍കൂടി പങ്കെടുത്തു. മഞ്ജു പിള്ള, ഷംന കാസിം, സീനത്ത്, തെസ്‌നി ഖാന്‍, , ലക്ഷ്മി പ്രിയ, ബീന ആന്റണി, ഉഷ, ലിസി ജോസ്, പ്രിയങ്ക എന്നിവരാണു ക്ഷണിതാക്കളായി എത്തിയത്. തലേദിവസം ഇവരെ അമ്മ ഭാരവാഹിയും സെല്‍ നേതാവും ക്ഷണിക്കുമ്പോഴും വനിതാ സെല്ലിലേക്കാണെന്നു പറഞ്ഞിരുന്നില്ല.

ഒരുമിച്ചിരുന്ന് അനൗപചാരികമായി നമ്മുടെ കാര്യങ്ങള്‍ സംസാരിക്കാം എന്നായിരുന്നു നിര്‍ദേശം. ഇത്തരത്തില്‍ കമ്മിറ്റി വിപുലീകരിക്കുന്നതും അതില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തി എന്നതും അമ്മ നിര്‍വാഹക സമിതിയിലെ ഭൂരിഭാഗം പേര്‍ക്കും അറിവുണ്ടായിരുന്നില്ല. രണ്ടു മണിക്കൂറോളം നീണ്ട യോഗത്തിലും പുതിയ വനിതാ സെല്ലിന്റെ യോഗമാണെന്ന് ആരും പറഞ്ഞില്ല. പലരും വീട്ടില്‍ മടങ്ങിയെത്തിയശേഷം ചാനല്‍ വാര്‍ത്തയിലൂടെയാണു വനിതാ സെല്ലിനെക്കുറിച്ചറിഞ്ഞത്.

ദിലീപ് വിഷയം ചര്‍ച്ച ചെയ്യണമെന്നുള്ള നിര്‍ദേശം തുടക്കത്തില്‍തന്നെ ഒരംഗം ഉന്നയിച്ചെങ്കിലും അതിന്റെ ആവശ്യമില്ലെന്നും ആരുടെയും പക്ഷം പിടിക്കാതെ സ്വന്തം പ്രശ്‌നങ്ങളും വിഷയങ്ങളും മാത്രം ചര്‍ച്ച ചെയ്താല്‍ മതിയെന്നും മറ്റൊരു അംഗം പറഞ്ഞു. തുടര്‍ന്നു ദിലീപ് വിഷയത്തില്‍ ചര്‍ച്ചയുണ്ടായില്ല. വനിതകള്‍ക്കു വേണ്ടിത്തന്നെ പ്രവര്‍ത്തിക്കുന്ന ഡബ്ല്യുസിസിയെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും അവരെ അവരുടെ വഴിക്കു വിടണമെന്നുമുള്ള അഭിപ്രായവും ഉയര്‍ന്നു.

അമ്മ നിര്‍വാഹക സമിതിയിലെ വനിതകള്‍ ഉള്‍പ്പെടെ ഭാരവാഹികളാരും വനിതാ യോഗത്തില്‍ പങ്കെടുത്തില്ല. യോഗത്തിനൊടുവില്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വന്നെങ്കിലും തുടര്‍ന്നു ചര്‍ച്ച ഉണ്ടായില്ല. വനിതാ സെല്‍ യോഗത്തിലെ പല വെളിപ്പെടുത്തലുകളും അമ്മയ്ക്കു പുതിയ തലവേദന സൃഷ്ടിക്കുന്നതാണ്. അനൗദ്യോഗിക യോഗം എന്നു പറയുമ്പോഴും അതില്‍ അംഗങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍ അറിഞ്ഞില്ലെന്നു നടിക്കാനുമാവില്ല.

വനിതാ സെല്ലിലെതന്നെ ചിലരുടെ വിരുദ്ധനിലപാടുകളും വിമര്‍ശിക്കപ്പെട്ടു. ചര്‍ച്ചയ്ക്കിടെയാണു ചിലര്‍, തങ്ങള്‍ സിനിമാ മേഖലയില്‍നിന്നു നേരിട്ട ദുരനുഭവങ്ങള്‍ ഒളിവും മറയുമില്ലാതെ പേരുകള്‍ സഹിതം പങ്കുവച്ചത്. ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ജാഗ്രത വേണമെന്നും ഉടനടി പ്രതികരിക്കണമെന്നുമുള്ള നിര്‍ദേശത്തോടെയാണ് യോഗം പിരിഞ്ഞത്.

pathram:
Leave a Comment