മഞ്ചേശ്വരം എംഎല്‍എ അബ്ദുള്‍ റസാഖ് അന്തരിച്ചു

കാസര്‍ഗോഡ്: മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് അന്തരിച്ചു. 63 വയസായിരുന്നു. കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ആലമ്പാടി ജുമാ മസ്ജിദില്‍ വൈകീട്ട് അഞ്ച് മണിക്കാണ് ഖബറടക്കം.

മുസ്ലീം ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗമായ പി.ബി.അബ്ദുള്‍ റസാഖ് 2011 മുതല്‍ നിയമസഭാംഗമാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ സിറ്റിങ് എംഎല്‍എ പി.ബി.അബ്ദുല്‍ റസാഖിന് 56,870 വോട്ടുകളാണു ലഭിച്ചത്. എതിര്‍സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് 56,781 വോട്ടും. ഭൂരിപക്ഷം വെറും 89 വോട്ട്. ഇത്തവണത്തെ ഏറ്റവും ചെറിയ ഭൂരിപക്ഷങ്ങളില്‍ രണ്ടാമത്തേത്.

1967 ല്‍ മുസ്ലിംയൂത്ത് ലീഗ് പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതത്തിനു തുടക്കം കുറിച്ചതാണ് പി.ബി. അബ്ദുല്‍ റസാഖ്. ഏഴുവര്‍ഷത്തോളം ചെങ്കള പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, കേരള റൂറല്‍ വെല്‍ഫയര്‍ ഡവലപ്മെന്റ് സൊസൈറ്റി (ക്രൂസ്) ഡയറക്ടര്‍, ജില്ലാ വികസനസമിതിയംഗം, ജില്ലാ കടവ് സമതിയംഗം, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതിയംഗം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എര്‍മാളം ജമാഅത്ത് ജന.സെക്ര, നെല്ലിക്കട്ട, നീര്‍ച്ചാല്‍ ജമാഅത്തുകളുടെ പ്രസിഡന്റ്, നായന്മാര്‍മൂല ജമാഅത്ത് വര്‍ക്കിങ് കമ്മിറ്റിയംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. സഫിയയാണു ഭാര്യ. മക്കള്‍ ഷഫീഖ് റസാഖ്, സൈറ, ഷൈല, ഷൈമ.

pathram:
Leave a Comment