പമ്പ: ശബരിമലയിലെ വനിതാ പ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ വെള്ളിയാഴ്ച വരെ നീട്ടി. ഇന്നലെയുണ്ടായ സംഘര്‍ഷങ്ങളില്‍ 15 പേര്‍ കസ്റ്റഡിയിലായെന്ന് പത്തനംതിട്ട എസ്പി അറിയിച്ചു. പമ്പയിലും നിലക്കലിലും ഒരു സമര പരിപാടിയും അനുവദിക്കില്ല. ആവശ്യമെങ്കില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്നും എസ്പി പറഞ്ഞു.
സംഘടിക്കരുതെന്ന് പ്രത്യേക നിര്‍ദേശമുള്ളപ്പോഴും ശബരിമലയില്‍ പ്രതിഷേധക്കാര്‍ കൂട്ടം ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകയെ തടഞ്ഞു. വ്യാഴാഴ്ച രാവിലെ ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജിന് നേരെയാണ് നാടകീയ രംഗങ്ങള്‍ നടന്നത്. തനിക്ക് നേരെ കല്ലേറും അസഭ്യവര്‍ഷവുമുണ്ടായതായും കൈയേറ്റത്തിന് ശ്രമിച്ചതായും അവര്‍ പറഞ്ഞു.
പരമ്പരാഗത കാനന പാതയിലൂടെ സുഹാസിനി രാജും സുഹൃത്തും സന്നിധാനം ലക്ഷ്യമാക്കി നീങ്ങുന്നതിനിടെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. എന്നാല്‍ പൊലീസെത്തി ഇവര്‍ക്ക് എല്ലാ പിന്തുണയും നല്‍കി. തുടര്‍ന്ന് മരക്കൂട്ടത്തെത്തിയതോടെ നാടകീയമായി എല്ലാ ഭാഗത്തു നിന്നും വലിയ ജനക്കൂട്ടം വന്നെത്തുകയായിരുന്നു. മല കയറിപ്പോയവര്‍ പലരും തിരിച്ചിറങ്ങി.
പിന്നീട് കണ്ടത് അസഭ്യവര്‍ഷവും ആക്രോശവുമായിരുന്നു. ഇതേത്തുടര്‍ന്നാണ് അവര്‍ തിരിച്ചിറങ്ങിയത്. തിരിച്ചിറങ്ങുന്നതിനിടെ മാധ്യമപ്രവര്‍ത്തകരുടേയും പൊലീസിന്റേയും നേരെ അസഭ്യവര്‍ഷം തുടങ്ങി. ഏതാണ് 30 കിലോമീറ്റര്‍ ഭാഗത്ത് നിരോധനാജ്ഞ നിലനില്‍ക്കേയാണ് ആള്‍ക്കൂട്ടം അക്രമം നടത്തിയത്.
അതേസമയം ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ അങ്ങിങ്ങ് അക്രമം. കോഴിക്കോട്ട് മൂന്നിടത്തും മലപ്പുറത്ത് ചമ്രവട്ടത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്തും കൊച്ചിയിലും സ്വകാര്യവാഹനങ്ങള്‍ ഓടുന്നുണ്ട്.
കോഴിക്കോട് കുന്ദമംഗലത്തും കുണ്ടായിത്തോടിലും കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ബൈക്കിലെത്തിയവരാണ് പുലര്‍ച്ചെ കുന്ദമംഗലത്ത് കല്ലേറ് നടത്തിയത്. ചമ്രവട്ടത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരേയാണ് ആക്രമണമുണ്ടായത്. സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നത് നിര്‍ത്തിവെച്ചു.
ഹര്‍ത്താലിനോടനുബന്ധിച്ച് വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
Leave a Comment