ന്യൂഡല്‍ഹി: മീ ടൂ വിവാദത്തില്‍പ്പെട്ട കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവച്ചു. മാധ്യമ പ്രവര്‍ത്തകനായിരുന്ന സമയത്ത് എം.ജെ അക്ബര്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്ന ആരോപണവുമായി നിരവധി യുവതികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, ആരോപണം അടിസ്ഥാന രഹിതമാണെന്നും കെട്ടിച്ചമച്ചതാണെന്നുമായിരുന്നു അക്ബറിന്റെ പ്രതികരണം. ആദ്യമായി ആരോപണം ഉന്നയിച്ച പ്രിയ രമണി എന്ന മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ അദ്ദേഹം അപകീര്‍ത്തിക്കേസ് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജി.
ടെലഗ്രാഫ്, ഏഷ്യന്‍ എയ്ജ് തുടങ്ങിയ പത്രങ്ങളുടെ മുന്‍ എഡിറ്റര്‍ ആയ എം.ജെ. അക്ബറിനെതിരെ പ്രമുഖ മാധ്യമ പ്രവര്‍ത്തക പ്രിയാരമണിയാണ് ആദ്യം ആരോപണമുന്നയിച്ചത്. പിന്നാലെ നിരവധി വനിതകള്‍ ലൈംഗിക അതിക്രമ കഥകള്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്തു. പത്രത്തില്‍ ജോലിക്കായി വര്‍ഷങ്ങള്‍ക്കു മുമ്പ് മുംബയിലെ ഹോട്ടലില്‍ അഭിമുഖത്തിനായി വിളിപ്പിച്ച എഡിറ്റര്‍ മോശമായി പെരുമാറിയെന്ന് 2017 ഒക്‌ടോബറില്‍ പ്രസിദ്ധീകരിച്ച ‘എന്റെ പുരുഷ മേധാവികള്‍’ എന്ന ലേഖനത്തില്‍ പ്രിയാരമണി വിവരിച്ചിരുന്നു. അത് അക്ബര്‍ ആയിരുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് അവര്‍ വെളിപ്പെടുത്തിയത്.
പിന്നാലെ നിരവധി വനിതാ ജര്‍ണലിസ്റ്റുകള്‍ സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തി. 1995ല്‍ കൊല്‍ക്കത്തയിലെ ഒരു ഹോട്ടലില്‍ അടുത്തിടപഴകാന്‍ ശ്രമിച്ചെന്നും ജോലി വേണ്ടെന്നു വച്ചെന്നും മറ്റൊരു മാധ്യമ പ്രവര്‍ത്തക തുറന്നടിച്ചു. മദ്യക്കുപ്പിയുമായി വീട്ടിലേക്ക് വരട്ടെ എന്ന് ചോദിച്ചെന്ന് മറ്റൊരാള്‍ പറഞ്ഞു. ഫോണിലും നേരിട്ടും ലൈംഗിക ചുവയോടെ സംസാരിച്ച കഥകളും ചിലര്‍ വിവരിച്ചു. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായി തിളങ്ങി നിന്ന അക്ബര്‍ കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ പ്രവേശം നടത്തിയത്. 19891991കാലത്ത് ബീഹാറിലെ കിഷന്‍ഗഞ്ച് ലോക്‌സഭാംഗം. 2014 മാര്‍ച്ചില്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് പാര്‍ട്ടി വക്താവായി. 2015ല്‍ രാജ്യസഭാംഗം. 2016 ജൂലായ് മുതല്‍ വിദേശകാര്യസഹമന്ത്രിയാണ്.
Leave a Comment