ശബരിമലയിലേക്ക് പോകാന്‍ മാലയിട്ട യുവതിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു; സംഭവം കോഴിക്കോട്ട്

കോഴിക്കോട്: സ്ത്രീപ്രവേശന വിഷയം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെ ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടതിന്റെ പേരില്‍ യുവതിയെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടതായി ആരോപണം. കോഴിക്കോട് സ്വകാര്യസ്ഥാപനത്തില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന യുവതിയ്ക്കെതിരെയാണ് മാനേജ്മെന്റ് നടപടിയെടുത്തതെന്നാണ് സൂചന.

കഴിഞ്ഞ ദിവസമാണ് യുവതി കോഴിക്കോട്ടെ ഒരു ക്ഷേത്രത്തില്‍ വച്ച് മലയ്ക്ക് പോകാന്‍ മാലയിട്ടത്. അക്കാര്യം അവര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്. മാലയിട്ടതിനുശേഷം യുവതിക്ക് നേരെ ശക്തമായ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.

യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ചെന്നും ചിലര്‍ ഭീഷണിപ്പെടുത്തിയതായാണ് വിവരം. ഇതേത്തുടര്‍ന്ന് യുവതിയോട് തല്‍ക്കാലത്തേക്ക് അവധിയില്‍ പ്രവേശിക്കാന്‍ ഹെഡ് ഓഫീസില്‍ നിന്ന് ചൊവ്വാഴ്ച്ച അറിയിച്ചു. സെയില്‍സ് വിഭാഗത്തിലായതിനാല്‍ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാകുമെന്ന വിശദീകരണമാണ് മാനേജ്മെന്റ് നല്കിയത്. എന്നാല്‍, അവധിയില്‍ പ്രവേശിപ്പിക്കുകയാണെന്ന വ്യാജേന ജോലിയില്‍ നിന്ന് പിരിച്ചുവിടുകയാണ് ചെയ്തതെന്ന് യുവതി പറഞ്ഞതായാണ് സുഹൃത്ത് അറിയിച്ചത്.

സ്ഥാപനത്തിന്റെ വിശദീകരണം ഉത്സവകാലത്ത് കൂടുതല്‍ ജോലിക്കാരെ ആവശ്യമായി വരുമ്പോള്‍ ഉല്‍പന്ന കമ്പനികള്‍ കടകളിലേക്ക് പ്രമോട്ടര്‍മാരായി കൂടുതല്‍ ജോലിക്കാരെ താല്‍ക്കാലികമായി നിയമിക്കാറുണ്ട്. ഉത്സവ കാലം കഴിയുന്ന മുറയ്ക്ക് അവര്‍ തന്നെ ജോലിക്കാരെ പിന്‍വലിക്കുകയും ചെയ്യും. ജോലിക്കാരുടെ ശമ്പളവും മറ്റ് കാര്യങ്ങളുമെല്ലാം അതാത് കമ്പനികള്‍ തന്നെയാണ് നല്‍കാറ്. അങ്ങനെ ഒരു ഗൃഹോപകരണ കമ്പനിയുടെ ജോലിക്കാരിയായി എത്തിയതാണ് ഈ പെണ്‍കുട്ടി. ഓണക്കാലത്ത് വന്ന അവരെ കഴിഞ്ഞ ദിവസം നിയമിച്ച കമ്പനി തന്നെ പിന്‍വലിക്കുകയായിരുന്നു. ഇത് സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായാണ്. പെണ്‍കുട്ടിക്കൊപ്പം മറ്റ് ഗൃഹോപകരണ കമ്പനികളുടെ പ്രമോട്ടര്‍മാരും ഓണസീസണില്‍ ഇവിടെ ജോലി ചെയ്തിരുന്നു.

pathram:
Leave a Comment