ദിലീപ് കാരണം ആക്രമണത്തിന് ഇരയായ നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടെന്ന സിദ്ദിഖിന്റെ മൊഴി പുറത്ത്

കൊച്ചി: ദിലീപ് കാരണം ആക്രമണത്തിന് ഇരയായ നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടെന്ന സിദ്ദിഖിന്റെ മൊഴി പുറത്ത്. ദിലീപ് കാരണം നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടെന്നു തനിക്ക് അറിയാമെന്നായിരുന്നു എന്നാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസിനു സിദ്ദിഖ് മൊഴി നല്‍കിയത്. നടിയും ദിലീപും തമ്മിലുള്ള തര്‍ക്കത്തില്‍ താന്‍ ഇടപെട്ടിരുന്നുവെന്ന് സിദ്ദിഖ് സമ്മതിച്ചിരുന്നു. എന്നാല്‍ നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടെങ്കില്‍ അതിനു കാരണക്കാരനാരെന്ന് തുറന്നു പറയണമെന്നായിരുന്നു തിങ്കളാഴ്ച്ച നടന്ന പത്രസമ്മേളനത്തില്‍ സിദ്ദിഖ് പറഞ്ഞത്.ദിലീപ് പറഞ്ഞതനുസരിച്ച് ഏതു സംവിധായകനാണ് അവസരം നഷ്ടപ്പെടുത്തിയതെന്നു നടി തുറന്നു പറയട്ടെയെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞ സിദ്ദിഖ് ഈ മൊഴി മറച്ചുവച്ചു. നടിയും ദിലീപും തമ്മില്‍ നല്ല ബന്ധമായിരുന്നില്ല. സിനിമ അവസരങ്ങള്‍ ഇല്ലാതാക്കുന്ന നടിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ദിലീപിനോട് ചോദിച്ചിരുന്നു. എന്നാല്‍ തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടരുതെന്ന് ദിലീപ് ആവശ്യപ്പെട്ടതായും പോലീസിനു നല്‍കിയ മൊഴിയില്‍ അന്ന് സിദ്ദിഖ് വ്യക്തമാക്കി.
ഹോട്ടല്‍ അബാദ് പ്ലാസയിലുള്ള സ്‌റ്റേജ് ഷോക്കിടെ നടന്ന തര്‍ക്കത്തിലും താന്‍ ഇടപെട്ടിരുന്നുവെന്ന് പോലീസിനോട് സിദ്ദിഖ് സമ്മതിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച നടന്ന സമ്മേളനത്തിനിടെ ഇതു സംബന്ധിച്ച് മാധ്യപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തില്‍ നിന്ന് സിദ്ദിഖ് ഒഴിഞ്ഞു മാറുകയായിരുന്നു. എല്ലാവരും മറന്നു കഴിഞ്ഞ സംഭവങ്ങളാണെന്നും കോടതിയുടെ പരിധിയിലിരിക്കുന്ന കേസിന്റെ കാര്യങ്ങളില്‍ ഇപ്പോള്‍ അഭിപ്രായം പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് സിദ്ദിഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

അതേസമയം നടന്‍ സിദ്ദീഖും കെപിഎസി ലളിതയും പറഞ്ഞത് പൂര്‍ണമായി അമ്മയുടെ അഭിപ്രായമാണെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. അത് നേതൃത്വവുമായി ആലോചിച്ച് ചെയ്തതാണ്. നടന്‍ ജഗദീഷ് നല്‍കിയ വാര്‍ത്താക്കുറിപ്പ് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. മുതിര്‍ന്ന നടന്‍ എന്ന നിലയിലും ട്രഷറര്‍ എന്ന നിലയിലും അദ്ദേഹത്തിന് അതിന് അവകാശമുണ്ട്.
പ്രസ്താവനകളുടെ വരികള്‍ക്കിടയില്‍ വായിച്ച് അഭിപ്രായ വ്യത്യാസമുണ്ടെന്ന് വരുത്താന്‍ ശ്രമിക്കേണ്ടെന്നും ഇടവേള ബാബു പറഞ്ഞു. അമ്മയില്‍ അഭിപ്രായ വ്യത്യാസമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ തത്കാലം നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രസിഡന്റ് മോഹന്‍ലാലിനെ വായിച്ച് കേള്‍പ്പിച്ച ശേഷം അദ്ദേഹത്തിന്റെ അംഗീകാരത്തോടെയാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയതെന്നാണ് ജഗദീഷ് വിശദീകരിച്ചത്. എല്ലാ നിര്‍വാഹക സമിതി അംഗങ്ങള്‍ക്കും വാര്‍ത്താക്കുറിപ്പ് വാട്‌സാപ്പിലൂടെ അയച്ച് കൊടുത്തിരുന്നതായും ജഗദീഷ് പറഞ്ഞു.
ഡബ്ല്യൂസിസിയോടുള്ള സമീപനത്തില്‍ അമ്മയില്‍ ഭിന്നത; ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് തള്ളിയ സിദ്ദിഖിനെതിരെ ജഗദീഷ്
ഡബ്ല്യുസിസിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കാണിച്ച് ഔദ്യോഗിക വ്യക്താവ് എന്ന നിലയില്‍ ട്രഷറര്‍ ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിനെ നിരാകരിച്ചാണ് സംഘടനാ സെക്രട്ടറി എന്ന നിലയില്‍ ഇന്നലെ സിദ്ദീഖ് രംഗത്ത് വന്നത്.
ജഗദീഷിന്റെ വാര്‍ത്താക്കുറിപ്പിനെക്കുറിച്ച് അറിയില്ലെന്നും ഔദ്യോഗികമായി വാര്‍ത്താസമ്മേളനം നടത്താന്‍ ഭാരവാഹികള്‍ തന്നെയാണ് ചുമതലപ്പെടുത്തിയതെന്നുമായിരുന്നു സിദ്ദീഖ് വ്യക്തമാക്കിയത്. ജഗദീഷിന്റെയോ, സിദ്ദീഖിന്റെയോ ഇതിലേതാണ് അമ്മയുടെ ഔദ്യോഗിക നിലപാടെന്ന് ചോദിച്ച് ഡബ്ല്യുസിസി അംഗം പാര്‍വതിയും രംഗത്ത് വന്നിരുന്നു

pathram:
Leave a Comment