അമ്മയുടെ വക്താവ് ജഗദീഷ് തന്നെ: സിദ്ദിഖും കെപിഎസി ലളിതയും വാര്‍ത്താസമ്മേളനം നടത്തിയത് സംഘടനയുടെ അറിവോടെയല്ല,വ്യക്തിതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സിദ്ദിഖ് സംഘടനയെ ദുരുപയോഗിച്ചു

കൊച്ചി:അമ്മയില്‍ പൊട്ടിത്തെറി. നടന്‍ സിദ്ദിഖ് അമ്മയുടെ വക്താവല്ലെന്ന് സംഘടനാനേതൃത്വം. ഇന്നലെ സിദ്ദിഖ് ‘അമ്മ’യുടെ പേരില്‍ നടത്തിയ വാര്‍ത്താസമ്മേളനം സംഘടനയുടെ അറിവോടെയല്ലെന്ന് എക്‌സിക്യുട്ടിവ് അംഗങ്ങള്‍ അറിയിച്ചു. സംഘടനയുടെ വക്താവ് ജഗദീഷ് ആണ്. വ്യക്തിതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സിദ്ദിഖ് സംഘടനയെ ദുരുപയോഗിച്ചു. വാര്‍ത്താസമ്മേനത്തിലെ പരാമര്‍ശങ്ങള്‍ പൊതുസമൂഹത്തില്‍ ‘അമ്മ’യുടെ പ്രതിച്ഛായ മോശമാക്കിയെന്നാണ് പൊതുവികാരം. വാര്‍ത്താസമ്മേളനം നടത്തുന്നത് മറ്റംഗങ്ങള്‍ അറിഞ്ഞത് ചാനലുകളിലൂടെയാണ്. പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ പത്തൊന്‍പതിന് അവെയ്!ലബിള്‍ എക്‌സിക്യുട്ടിവ് ചേരുമെന്നും ‘അമ്മ’ നേതൃത്വം വ്യക്തമാക്കി. മോഹന്‍ലാല്‍ വിദേശത്തുപോകുന്ന സാഹചര്യത്തിലാണ് അടിയന്തരചര്‍ച്ച. ഡബ്ല്യുസിസിയുമായുള്ള പ്രശ്‌നത്തില്‍ പ്രത്യേക ജനറല്‍ബോഡി വിളിക്കുമെന്ന നിലപാടിലുറച്ച് ട്രഷറര്‍ ജഗദീഷ് ഇന്ന് രംഗത്തെത്തിയിരുന്നു. അമ്മയുടെ നിലപാടാണ് താന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞതെന്നും മോഹന്‍ലാലുമായി ചര്‍ച്ചചെയ്താണ് തീരുമാനം അറിയിച്ചതെന്നും ജഗദീഷ് പറഞ്ഞു. ആശയക്കുഴപ്പമുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് സിദ്ദിഖാണെന്നും അദ്ദേഹം തുറന്നടിച്ചു. ജഗദീഷിന്റെ പ്രസ്താവന സിദ്ദിഖ് ഇന്നലെ പരസ്യമായി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യപ്രതികരണവുമായി ജഗദീഷ് രംഗത്തെത്തിയിരുന്നു.

ഇതോടെ അമ്മയില്‍ ഭിന്നത കൂടുതല്‍ മറനീക്കുകയാണ്. ഒരുമയെക്കുറിച്ച് പലവുരു ആവര്‍ത്തിക്കുമ്പോഴും അമ്മ നേതൃത്വത്തിലെ ഭിന്നത ഡബ്ല്യുസിസിയോടുള്ള പ്രതികരണത്തില്‍ പ്രകടമായിരുന്നു. രാവിലെ സംഘടനയുടെ വക്താവെന്ന നിലയില്‍ ജഗദീഷ് പുറത്തിറക്കിയ പ്രസ്താവന ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട സെക്രട്ടറി സിദ്ദിഖ് തള്ളിക്കളഞ്ഞതോടെയാണ് ഇക്കാര്യം പുറത്തായത്. ജഗദീഷിനെ വക്താവാക്കിയത് ആരാണെന്നറിയില്ലെന്നായിരുന്നു സിദ്ദിഖിന്റെ നിലപാട്.

ഡബ്ല്യുസിസി ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗൗരവപൂര്‍ണമായ ഇടപെടല്‍ അമ്മ നേതൃത്വം നടത്തും എന്ന് സൂചിപ്പിച്ചാണ് സംഘടനയുടെ ട്രഷററായ ജഗദീഷ് വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടത്. ദിലീപിനെ അമിതമായി ന്യായീകരിക്കുകയോ ഡബ്ല്യുസിസിയെ പൂര്‍ണമായി തള്ളുകയോ ചെയ്യാതെയാണ് അമ്മ വക്താവെന്ന നിലയില്‍ ജഗദീഷ് പ്രതികരിച്ചത്. പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രത്യേകജനറല്‍ബോഡി വിളിക്കുമെന്നും രാജിവച്ചവരെ തിരിച്ചെടുക്കുന്നതിനോട് എതിര്‍പ്പില്ലെന്നും ധാര്‍മികതയിലൂന്നിയ ഉചിതമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും ജഗദീഷ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ ഉച്ചയ്ക്കുശേഷം മാധ്യമങ്ങളെ കണ്ട സിദ്ദിഖ് ഇക്കാര്യങ്ങളെല്ലാം അപ്പാടെ തള്ളി.

‘ജഗദീഷിനെ ആരാണ് പ്രസ്താവന നടത്താന്‍ ചുമതലപ്പെടുത്തിയതെന്നറിയില്ല. ജഗദീഷ് വക്താവല്ല ട്രഷററാണ്. ജനറല്‍ ബോഡി വിളിക്കില്ല. ഞാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരുമായും ചര്‍ച്ചചെയ്താണ് പറയുന്നത്..’ സിദ്ദീഖ് തുറന്നുപറഞ്ഞു. സിദ്ദിഖിന്റെ നിലപാടിനോട് പരസ്യമായി പ്രതികരിക്കാന്‍ ജഗദീഷ് മുതിര്‍ന്നില്ല. എന്നാല്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞപ്രകാരമാണ് താന്‍ വാര്‍ത്താക്കുറിപ്പ് നല്‍കിയതെന്ന് അദ്ദേഹം വിശദീകരിച്ചു. പകര്‍പ്പ് സിദ്ദിഖ് ഉള്‍പ്പെടെ എല്ലാവര്‍ക്കും വാട്‌സപ്പില്‍ അയച്ചിരുന്നുവെന്നും ജഗദീഷ് വ്യക്തമാക്കി. ഇതോടെ ഭാരവാഹികള്‍ക്കിടയിലെ ആശയവിനിമയം ശരിയായ നിലയിലല്ല എന്ന് വ്യക്തമായി.

വിമന്‍ ഇന്‍ സിനിമ കലക്ടീവിലെ നടിമാര്‍ക്കെതിരെ പ്രത്യാക്രമണവും അച്ചടക്കനടപടിയുടെ ഭീഷണിയുമുയര്‍ത്തിയാണ് താരസംഘടനയായ അമ്മയുടെ വാര്‍ത്താസമ്മേളനം നടന്നത്. മോഹന്‍ലാലിനെയും സംഘടനയെയും വിമര്‍ശിച്ചവരുടെമേല്‍ നടപടിയുണ്ടാകുമെന്ന് സൂചിപ്പിച്ച അമ്മ സെക്രട്ടറി സിദ്ദിഖ് രാജിവച്ച നടിമാര്‍ തിരിച്ചുവരണമെങ്കില്‍ മാപ്പുപറയണമെന്നും വ്യക്തമാക്കി. ഡബ്ല്യുസിസിക്കെതിരായ സൈബര്‍ ആക്രമണം സൂചിപ്പിക്കുന്നത് എന്താണെന്ന് അവര്‍ തിരിച്ചറിയണമെന്നും കെ.പി.എ.സി. ലളിതയ്‌ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിദ്ദിഖ് പറഞ്ഞു.

pathram:
Related Post
Leave a Comment