നടിയെ ആക്രമിച്ച കേസില്‍ തുറന്ന പോരിനൊരുങ്ങി ഡബ്ല്യൂസിസി; വൈകിട്ട് എറണാകുളത്ത് ഡബ്ല്യൂസിസി അംഗങ്ങളുടെ വാര്‍ത്താ സമ്മേളനം; കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന് ട്വീറ്റ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുറന്ന പോരിനൊരുങ്ങി വനിതാ സംഘടനയായ ഡബ്ല്യൂസിസി. ദിലീപിനെതിരായി താരസംഘടനയായ എഎംഎംഎയുടെ നടപടി വൈകുന്നത് ചുണ്ടികാട്ടി ഡബ്ല്യൂസിസിനേരത്തെ എഎംഎംഎ കത്ത് നല്‍കിയിരുന്നു. എക്‌സിക്യൂട്ടിവ് യോഗത്തിനു ശേഷവും ദിലീപിനെതിരെ പ്രത്യേകിച്ച് നടപടി ഒന്നും ഉണ്ടായില്ല. ഇതാണ് വനിതാ സംഘടനയായ ഡബ്ല്യൂസിസി തുറന്ന പോരിന് ഒരുങ്ങുന്നതിനു പിന്നില്‍ എന്നാണ് സൂചന. വൈകിട്ട് എറണാകുളത്ത് ഡബ്ല്യൂസിസി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനം നടത്തും. രേവതി, പത്മപ്രിയ, പാര്‍വ്വതി തുടങ്ങിയവരാണ് വൈകിട്ട് വാര്‍ത്താ സമ്മേളനം നടത്തുന്നത്. താര സംഘടനയില്‍ നിന്ന് കൂടുതല്‍ നടിമാര്‍ രാജിവെക്കുന്നതടക്കം നടപടികളിലേക്ക് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങള്‍ നീങ്ങുമെന്ന സൂചനയുമുണ്ട്. മീടു പശ്ചാത്തലത്തില്‍ വലിയ വെളിപ്പെടുത്തലുകളുണ്ടാകുമെന്ന സൂചന നല്‍കി സാഹിത്യകാരന്‍ എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.
ദിലീപ് വിഷയത്തില്‍ പലകുറി കത്തയച്ചിട്ടും എക്സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്നിട്ടും ചര്‍ച്ചയ്ക്ക് എഎംഎംഎ ഭാരവാഹികള്‍ തയ്യാറാകാത്ത നടപടിയാണ് തുറന്നപോരിലേക്ക് സിനിമയിലെ വനിത കൂട്ടായ്മയെ എത്തിച്ചത്. ദിലീപിനെ തിരിച്ചെടുക്കാനെടുത്ത തീരുമാനം റദ്ദാക്കാത്തതിലുള്ള പ്രതിഷേധം പരസ്യമാക്കാനാണ് തീരുമാനം. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത നടപടിയ്‌ക്കെതിരെ രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച നടന്നെങ്കിലും തീരുമാനം ജനറല്‍ ബോഡിയ്ക്കു മാത്രമേ പുനപരിശോധിക്കാനാവൂ എന്ന നിലപാട് ആണ് അമ്മ നേതൃത്വം കൈക്കൊണ്ടത്.

pathram:
Related Post
Leave a Comment