കേരളത്തില്‍ എടിഎം കവര്‍ച്ച നടത്തിയ സംഘത്തില്‍ ഏഴ് പേരെന്ന് പൊലീസ്; മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

തൃശൂര്‍: കേരളത്തില്‍ എടിഎം കവര്‍ച്ച നടത്തിയ സംഘത്തില്‍ ഏഴ് പേരെന്ന് പൊലീസ്. മോഷ്ടാക്കള്‍ വേഷം മാറി പോയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ചാലക്കുടി ഹൈസ്‌കൂളിന് സമീപത്ത് നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. മോഷണം നടത്തിയ ശേഷം ഇവര്‍ ട്രെയിനില്‍ കയറി രക്ഷപ്പെടുകയായിരുന്നു. അതിനിടെ, ചാലക്കുടിയില്‍ മോഷണ സംഘമെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പാസഞ്ചര്‍ ട്രെയിനില്‍ തൃശൂരിലെത്തിയ സംഘം ധന്‍ബാദ് എക്‌സ്പ്രസില്‍ കയറിയാണ് കേരളം വിട്ടത്.
അതിനിടെ, ചാലക്കുടിയില്‍ മോഷ്ടാക്കള്‍ ഉപേക്ഷിച്ച വാഹനത്തിലും സമീപത്തും രക്തക്കറ കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. പ്രതികള്‍ തമ്മില്‍ സംഘട്ടനം നടന്നിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. വാഹനത്തില്‍നിന്ന് മണംപിടിച്ച പൊലീസ് നായ സമീപത്തെ സ്‌കൂളിന്റെ മതില്‍ വരെ ഓടിയതും അന്വേഷണത്തില്‍ നിര്‍ണായകമായി. പ്രതികള്‍ വാഹനം ഉപേക്ഷിച്ചശേഷം മതില്‍ചാടി കടന്ന് രക്ഷപ്പെട്ടതാകുമെന്നാണ് പൊലീസ് കരുതുന്നത്.
ആദ്യം മോഷണശ്രമം നടന്ന കോട്ടയം വെമ്പള്ളി മുതല്‍ ചാലക്കുടി വരെയുള്ള മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
ഉത്തരേന്ത്യന്‍, തമിഴ്നാട് ബന്ധമുള്ള പ്രൊഫഷണല്‍ സംഘമാകും കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അതിനാല്‍ പ്രതികള്‍ക്ക് പ്രാദേശിക സഹായം കിട്ടിയോ എന്നും പരിശോധിക്കുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ എ.ടി.എം കവര്‍ച്ച നടന്നത്. കൊച്ചി ഇരുമ്പനത്തെ എസ്.ബി.ഐ എ.ടി.എമ്മില്‍നിന്ന് 25 ലക്ഷം രൂപയും, കൊരട്ടിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എമ്മില്‍നിന്ന് 10.6 ലക്ഷം രൂപയുമാണ് കവര്‍ച്ച ചെയ്തത്. ഇതിനുപുറമേ കോട്ടയം വെമ്പള്ളി, കളമശേരി എച്ച്.എം.ടി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ കവര്‍ച്ചാശ്രമവും നടന്നു.
മോഷ്ടാക്കളുടെ മൊബൈല്‍ നമ്പറുകള്‍ തിരിച്ചറിയാന്‍ സൈബര്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. ഗ്യാസ് കട്ടറും സിലിണ്ടറും വാങ്ങിയത് കോട്ടയത്തു നിന്നാണെന്നാണ് പൊലീസ് നിഗമനം. മൂന്നു ജില്ലകളിലേയും പൊലീസ് ഉദ്യോഗസ്ഥര്‍ ഇതുവരെ കണ്ടെത്തിയ വിവരങ്ങള്‍ അവലോകനം ചെയ്തശേഷമായിരിക്കും ഇനി അന്വേഷണം മുന്നോട്ടുപോകുക.
എടിഎം കൊള്ളക്കാരെ തിരിച്ചറിയാന്‍ ഇനി പൊലീസിന് മുന്നിലുള്ളതു രണ്ടു വഴികളാണ്. ഗ്യാസ് കട്ടറും സിലിണ്ടറും വാങ്ങിയ കട കണ്ടെത്തുക. അല്ലെങ്കില്‍ ഈ കടയുടെ പരിസരത്തുള്ള സിസിടിവികളില്‍ കള്ളന്‍മാര്‍ മുഖം പതിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കുക. കോട്ടയം കോടിമതയില്‍നിന്ന് മോഷ്ടിച്ച വാഹനത്തില്‍ ചാലക്കുടി വരെ സഞ്ചരിച്ച സംഘം ഗ്യാസ് സിലിണ്ടറും വഴിയില്‍ ഉപേക്ഷിച്ചിരിക്കാനാണു സാധ്യത.

pathram:
Related Post
Leave a Comment