തമ്മനത്ത് മീന്‍കട തുറക്കും മുന്‍പേ പൂട്ടിച്ചു..!! പിന്നില്‍ പ്രദേശത്തെ ചിലരെന്ന് സംശയം; ഓണ്‍ലൈന്‍ മീന്‍കച്ചവടത്തിലേക്ക് നീങ്ങി ഹനാന്‍

കൊച്ചി: മീന്‍ വില്‍ക്കാനിറങ്ങി ശ്രദ്ധേയയായ യുവതി ഹനാന്റെ മീന്‍കട എറണാകുളം തമ്മനത്ത് തുടങ്ങാനാവില്ല. ഇതോടെ മീന്‍കച്ചവടം ഓണ്‍ലൈന്‍ വഴിയാക്കാന്‍ ഹനാന്റെ തീരുമാനം. കടമുറി വാടകയ്‌ക്കെടുത്തു പണി നടന്നു വരുന്നതിനിടെ അപ്രതീക്ഷിതമായി, കടയ്ക്ക് കൂടുതല്‍ അവകാശികളുണ്ടെന്നും കട തുറക്കാന്‍ സമ്മതിക്കില്ലെന്നും അഡ്വാന്‍സ് നല്‍കിയ തുക വാങ്ങി തിരികെ പൊയ്‌ക്കൊള്ളണമെന്നും ആവശ്യപ്പെട്ടത്രെ. ‘ഇതുകൊണ്ട് നിരാശയാകാന്‍ താനില്ല. ഓണ്‍ലൈനില്‍ മീന്‍ വില്‍ക്കാനാണ് അടുത്ത പദ്ധതി’ – ഹനാന്‍ വെളിപ്പെടുത്തി. ഇതിനു സാങ്കേതിക വിദഗ്ധരുമായി സംസാരിച്ചെന്നും വൈകാതെ ലോഞ്ച് ചെയ്യുമെന്നും ഹനാന്‍ പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടാം തീയതി നേരിട്ട വാഹനാപകടത്തെ തുടര്‍ന്നു വീല്‍ചെയറില്‍ കഴിയുന്ന ഹനാന്‍ സുഹൃത്തുക്കളുടെയും ചില അഭ്യുദയകാംഷികളുടെയും സഹായത്തോടെയാണു തമ്മനത്ത് മീന്‍ കട ഇടുന്നതിനു തീരുമാനിച്ചത്. ഇതിനായി മുറി വാടകയ്‌ക്കെടുത്തു പണി നടക്കുന്നതിനിടെ താനുമായി കരാറുണ്ടാക്കിയ ആളുടെ സഹോദരങ്ങള്‍ എന്നു പറഞ്ഞെത്തിയ ചിലര്‍ കട ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു. വൃക്കരോഗിയും തുടര്‍ച്ചയായി ഡയാലിസിസ് ചികിത്സ ചെയ്തു വരുന്നതുമായ ഒരു സാധു മനുഷ്യനാണു തനിക്കു കടമുറി തന്നത്. അവരുടെ കുടുംബ പ്രശ്‌നങ്ങള്‍ എന്താണെന്നറിയില്ല. അദ്ദേഹമാകട്ടെ വീട്ടില്‍ പശുവിനെ വളര്‍ത്തി ഉപജീവനം കഴിയുന്ന ആളുമാണ്. അങ്ങനെ ഒരാള്‍ എന്നോട് ഒഴിഞ്ഞു തരാമോ, അഡ്വാന്‍സ് തുക തിരിച്ചു തരാം എന്നു പറഞ്ഞപ്പോള്‍ ഇല്ല എന്നു പറയാനായില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു ചെലവാക്കിയ തുകയുടെ ഒരു ഭാഗം നല്‍കുകയും ചെയ്തതായി ഹനാന്‍ പറയുന്നു. സംഭവത്തിനു പിന്നില്‍ പ്രദേശത്തു തന്നെയുള്ള ചിലരാണെന്നു സംശയിക്കുന്നതായും ഹനാന്‍ പറയുന്നു.

മീന്‍കച്ചവടത്തിന് ആദ്യം മുതല്‍ ഹനാനെ സഹായിച്ചിരുന്ന ഒരു ഓട്ടോറിക്ഷക്കാരനാണ് ഇപ്പോഴും എല്ലായിടത്തും എത്തിക്കുകയും കടയ്ക്കു വേണ്ട കാര്യങ്ങള്‍ ചെയ്യുകയും ചെയ്തു തരുന്നത്. ഓണ്‍ലൈനിലൂടെ അവസ്ഥകളറിഞ്ഞ ഒരു എന്‍ആര്‍ഐക്കാരന്‍ താമസിക്കാന്‍ ഫ്‌ലാറ്റ് തന്നിട്ടുണ്ട്. ആദ്യമാസം വാടക കൊടുക്കേണ്ട എന്നു പറഞ്ഞിരുന്നു. എന്നാലും അടുത്ത മാസം മുതല്‍ അതു കൊടുക്കണം. ഇപ്പോള്‍ ഉമ്മ കൂടെ ഇല്ലാത്തിനാല്‍ ഭക്ഷണം ഒരാള്‍ ഉണ്ടാക്കിത്തരും. അവര്‍ക്കെന്തെങ്കിലും കൊടുക്കണം. വീല്‍ച്ചെയറില്‍നിന്ന് പൂര്‍ണമായും എഴുന്നേല്‍ക്കാനായിട്ടില്ലാത്തിനാല്‍ ചിലപ്പോള്‍ പുറത്തുനിന്നു ഭക്ഷണം വരുത്തിക്കഴിക്കും. എല്ലാത്തിനും പരസഹായം വേണ്ട അവസ്ഥയാണുള്ളത്. എന്നാലും ഒറ്റയ്ക്ക് എഴുന്നേല്‍ക്കുന്നതിനും സാധാരണ ജീവിതത്തിലേക്കു മടങ്ങി വരുന്നതിനുമുള്ള തീവ്ര പരിശ്രമത്തിലാണു ഹനാന്‍.

മീന്‍ കച്ചവടം തുടങ്ങാന്‍ ഒരു വാഹനം വേണം. ഇതിനായി ലോണിന് അപേക്ഷിച്ചിട്ട് ഇതുവരെ ശരിയായിട്ടില്ല. തനിക്കു പ്രായക്കുറവായതിനാലും വിദ്യാര്‍ഥിനി ആയതിനാലും ലോണ്‍ തരുന്നതിനു തടസമുണ്ടെന്നു പറയുന്നു. ലോണെടുക്കാനുള്ള ശ്രമം തുടരുന്നുണ്ട്. വാഹനം വാങ്ങിയാല്‍ ഹാര്‍ബറിലും മറ്റും പോയി മീനെടുക്കാനും കൊണ്ടുവന്നു വെട്ടി വീടുകളിലെത്തിച്ചു കൊടുക്കാനും സാധിക്കും. ഇതിനു കുറച്ചു ഡെലിവറി ബോയ്‌സിനെ കൂടി കണ്ടെത്തിയാല്‍ തന്റെ കച്ചവടം പൊടിപൊടിക്കുമെന്നു ഹനാന്‍ പറയുന്നു.

pathram:
Related Post
Leave a Comment