തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കേരളത്തിന്റെ ഐക്യം തകര്‍ക്കാനുള്ള ശ്രമം ബോധപൂര്‍വം നടക്കുന്നതായി സംശയിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയകാലത്ത് ജാതിമത ഭേദമന്യേ എല്ലാവരും ഒന്നിച്ച് അതിനെ നേരിട്ടു. ഈ മനോഭാവത്തിന് കാരണം കേരളത്തില്‍ ഉയര്‍ന്നുവന്ന നവോത്ഥാന പ്രസ്ഥാനങ്ങളാണ്. ഈ പ്രസ്ഥാനങ്ങള്‍ക്ക് മുമ്പുള്ള കാലം ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ചത്ര അധഃപ്പതിച്ച ദുരാചാരങ്ങള്‍ നിറഞ്ഞതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യാഥാസ്ഥിക ചിന്തകളെയെല്ലാം മറികടന്ന് നാടിന് മുന്നേറാന്‍ കഴിഞ്ഞത് ഇതിന്റെയെല്ലാം ഫലമായാണ്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ സ്ത്രീകളുടെ ജീവിതത്തിലും ഇടപെട്ടിരുന്നു. എല്ലാ വിഭാഗത്തിലും പെട്ട സ്ത്രീകളുടെ ജീവിതത്തില്‍ മാറ്റത്തിന്റെ കാറ്റുവീശി.
ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ കോടതിവിധിയേയും സര്‍ക്കാര്‍ നിലപാടുകളേയും കാണേണ്ടത്. 1991ലെ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിവിധി വന്നത് സര്‍ക്കാരിന്റെ ഏതെങ്കിലും ഇടപെടല്‍ മൂലമല്ല. ഇപ്പോഴത്തെ സുപ്രീം കോടതി വിധിക്ക് കാരണമായതും സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമല്ല. 1991ലെ വിധിക്ക് കാരണം എസ് മഹേന്ദ്രേന്‍ എന്ന വ്യക്തി ഹൈക്കോടതി ജഡിജിക്കയച്ച കത്താണ് . കത്ത് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിച്ച കോടതി ശബരിമലയില്‍ 10 നും 50 നും ഇടയില്‍ സ്ത്രീകള്‍ കയറുന്നത് വിലക്കി ഉത്തരവിട്ടു. അല്ലാതെ ഈ വിഷയം കോടതിയിലെത്തിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലുകളല്ല കാരണമായത്.
പിന്നീട് വന്ന സര്‍ക്കാരുകള്‍ വിധി നടപ്പിലാക്കി. കേസ് സുപ്രീം കോടതിയിലെത്തിയപ്പോഴാണ് സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. എല്ലാവര്‍ക്കും പ്രവേശനം വേണമെന്ന നയമാണ് സര്‍ക്കാരിനുള്ളത്. ആചാരവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യണമെന്ന നിലപാടാണ് 2007ലെ അച്യുതാനന്ദന്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇങ്ങനെ സര്‍ക്കാരിന്റെ അഭിപ്രായം കേട്ടതിന് ശേഷമുള്ള വിധിയില്‍ സര്‍ക്കാരിന് എങ്ങനെയാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ സാധിക്കുക. ഏത് വിധിയായാലും നടപ്പാക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതാണ്.
വിധി വന്ന ദിവസം സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ് മറിച്ച് പറയുന്നത് വിസ്മയാവഹമാണ്. സ്വാതന്ത്ര്യ സമര പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അത് ഒന്നൊന്നായി കയൊഴിയുകയും കടുത്ത വര്‍ഗീയതയുമായി സമരസപ്പെടുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ആര്‍എസ്എസും ബിജെപിയുമല്ല തങ്ങളാണ് മുന്‍പന്തിയിലെന്ന നിലപാടാണ് പ്രതിപക്ഷ നേതാവിനെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ആരാണ് നേതൃസ്ഥാനത്തെന്ന കാര്യത്തിലാണ് കോണ്‍ഗ്രസും സംഘപരിവാറും തമ്മിലുള്ള തര്‍ക്കം. ഈ സമീപനമാണ് കോണ്‍ഗ്രസിന്റ തകര്‍ച്ചയ്ക്കും ബിജെപിയുടെ വളര്‍ച്ചയ്ക്കും ഇടയാക്കിയതെന്ന കാര്യം കോണ്‍ഗ്രസുകാര്‍ മറക്കരുതെന്നും പിണറായി വിജയന്‍ പറഞ്ഞു.
അതേസമയം ശബരിമല വിഷയത്തില്‍ ഹൈക്കോടതിയില്‍ ദേവസ്വം ബോര്‍ഡ് ഇന്ന് റിപ്പോര്‍ട്ട് നല്‍കില്ല. സ്ത്രീപ്രവേശന നിയന്ത്രണം എടുത്തുകളഞ്ഞ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് എന്തെല്ലാം കാര്യങ്ങള്‍ ചെയ്‌തെന്ന കാര്യത്തിലാണ് റിപ്പോര്‍ട്ട് നല്‍കേണ്ടിയിരുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കമ്മീഷണറും തമ്മിലുള്ള തര്‍ക്കം മൂലമാണ് റിപ്പോര്‍ട്ട് നല്‍കാന്‍ വൈകുന്നതെന്നാണ് സൂചന.
കഴിഞ്ഞ ആഴ്ചയാണ് നടപടികളെ കുറിച്ച് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ദേവസ്വംബോര്‍ഡിനോട് ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഇന്ന് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് ദേവസ്വംബോര്‍ഡ് തീരുമാനിച്ചിരുന്നത്. ദേവസ്വംബോര്‍ഡ് കമ്മീഷര്‍ റിപ്പോര്‍ട്ട് അഭിഭാഷകര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.
സ്ത്രീകള്‍ക്ക് പ്രത്യേക ശൗചാലയങ്ങളും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്നടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അതേ സമയം വനഭൂമി വിട്ട് കിട്ടാത്തതിനാല്‍ നിലവിലെ സൗകര്യങ്ങള്‍ക്കുള്ളില്‍ നിന്ന് മാത്രമെ ഒരുക്കങ്ങള്‍ നടത്താനാവൂ എന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കമ്മീഷണര്‍ എന്‍.വാസുവാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
എന്നാല്‍ കമ്മീഷണറുടെ നിലപാടിനെതിരെ ദേവസ്വം പ്രസിഡന്റ് രംഗത്തെത്തുകയും മുഖ്യമന്ത്രിയെ സമീപിക്കുകയും ചെയ്തു. ദേവസ്വംബോര്‍ഡുമായി കൂടിയാലോചിക്കാതെയാണ് കമ്മീഷണര്‍ നിലപാടെടുക്കുന്നത്. ബോര്‍ഡിന്റെ നിലപാടല്ല ഇയാള്‍ റിപ്പോര്‍ട്ടിലെഴുതിയ കാര്യങ്ങളെന്നും എ.പദ്മകുമാര്‍ അറിയിച്ചു. ഇതേ തുടര്‍ന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് മാറ്റിവെക്കാന്‍ തീരുമാനിച്ചത്. അഭിഭാഷകരുമായടക്കം കൂടുതല്‍ കൂടിയാലോചനകള്‍ക്ക് ശേഷം റിപ്പോര്‍ട്ട് നല്‍കിയാല്‍ മതിയെന്നാണ് ഇപ്പോള്‍ തീരുമാനം.
Leave a Comment