മൂന്ന് വര്‍ഷത്തിനകം ഇടതുപക്ഷ തീവ്രവാദം രാജ്യത്തുനിന്ന് തുടച്ചുനീക്കും: രാജ്‌നാഥ് സിങ്

ലക്‌നൗ: മൂന്നു വര്‍ഷത്തിനകം രാജ്യത്തു നിന്ന് ഇടതുപക്ഷ തീവ്രവാദം പൂര്‍ണമായും തുടച്ചുമാറ്റുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഉത്തര്‍പ്രദേശില്‍ റാപിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ (ആര്‍എഎഫ്) ഇരുപത്തിയാറാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എത്രയും പെട്ടെന്ന്, എത്രയും വേഗത്തിലായിരിക്കണം ആര്‍എഎഫിന്റെ പ്രവര്‍ത്തനം. എന്നാല്‍ ആക്രമണത്തില്‍ എടുത്തുചാട്ടം ഒഴിവാക്കണമെന്നും രാജ്‌നാഥ് സിങ് നിര്‍ദേശിച്ചു.

ഏതാനും വര്‍ഷം മുന്‍പുവരെ രാജ്യത്ത് 126 നക്‌സല്‍ ബാധിത ജില്ലകളുണ്ടായിരുന്നു. ഇന്നത് 10-12ലേക്കു താഴ്ന്നിരിക്കുന്നു. ഒന്നോ രണ്ടോ അല്ലെങ്കില്‍ പരമാവധി മൂന്നു വര്‍ഷത്തിനകം ഇടതുപക്ഷ തീവ്രവാദം രാജ്യത്തുനിന്നു തുടച്ചു നീക്കും. സംസ്ഥാന പൊലീസിന്റെയും സൈന്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഇതു സാധ്യമാകൂവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ഈ വര്‍ഷം ഇതുവരെ 131 മാവോയിസ്റ്റുകളെയും തീവ്രവാദികളെയും സൈന്യം കൊലപ്പെടുത്തി. 1278 പേരെ അറസ്റ്റ് ചെയ്തു. 58 പേര്‍ സൈന്യത്തിനു മുന്‍പാകെ കീഴടങ്ങിയെന്നും മന്ത്രി പറഞ്ഞു. ഭീകരര്‍ക്കെതിരെ സിആര്‍പിഎഫിനെയാണ് ജമ്മുവില്‍ പ്രധാനമായും നിയോഗിച്ചിരിക്കുന്നത്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരുക തന്നെ ചെയ്യും. ചില യുവാക്കള്‍ തെറ്റിദ്ധരിക്കപ്പെട്ടു ഭീകരര്‍ക്കൊപ്പം ചേരുന്നുണ്ട്. എന്നാല്‍ അവിടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സിആര്‍പിഎഫ് മികച്ച പ്രകനമാണു കാഴ്ച വയ്ക്കുന്നതെന്നും രാജ്‌നാഥ് പറഞ്ഞു.

കലാപങ്ങളും പ്രതിഷേധ സമരങ്ങളും നടക്കുമ്പോള്‍ പെട്ടെന്നു നടപടിയെടുക്കണം, എന്നാല്‍ എടുത്തുചാട്ടം വേണ്ടെന്നും സിആര്‍പിഎഫിനു കീഴിലെ പ്രത്യേക യൂണിറ്റായ ആര്‍എഎഫിനോടു മന്ത്രി നിര്‍ദേശിച്ചു. സംസ്‌കാരം കാത്തുസൂക്ഷിക്കുന്ന യൂണിറ്റുകളായിരിക്കണം ഓരോ സേനാവിഭാഗത്തിലും ഉണ്ടാകേണ്ടത്. ആരെക്കൊണ്ടും ‘ക്രൂരതയുടെ പര്യായം’ എന്നു വിളിപ്പിക്കരുതെന്നും രാജ്‌നാഥ് നിര്‍ദേശിച്ചു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുമ്പോഴും മറ്റു സമാന സാഹചര്യങ്ങളിലും എപ്പോഴെല്ലാം സേനയെ ഉപയോഗിക്കണം, എത്രമാത്രം അവരെ ഉപയോഗപ്പെടുക്കണം എന്ന് ഓരോരുത്തര്‍ക്കും ബോധ്യമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

ആയിരത്തോളം അംഗങ്ങളടങ്ങിയതാണ് ഒരു ആര്‍എഎഫ് ബറ്റാലിയന്‍. മാരകമല്ലാത്ത ആയുധങ്ങളായ പമ്പ് ആക്ഷന്‍ ഗണ്‍, ടിയര്‍ ഗ്യാസ് ഗ്രനേഡ് ലോഞ്ചര്‍, ഗാഡ്ജറ്റുകള്‍ തുടങ്ങിയവയാണ് ഇവര്‍ക്കു നല്‍കിയിരിക്കുന്നത്. കലാപത്തിലും അക്രമാസക്തമാകുന്ന പ്രതിഷേധ പ്രകടനങ്ങളിലുമാണ് ആര്‍എഎഫിന്റെ സേവനം ഉപയോഗപ്പെടുത്തുക. 1992 ഒക്ടോബറിലാണ് ആര്‍എഎഫ് പൂര്‍ണമായി പ്രവര്‍ത്തനസജ്ജമായത്. ഹൈദരാബാദ്, അഹമ്മദാബാദ്, അലഹബാദ്, മുംബൈ, ഡല്‍ഹി, അലിഗഢ്, കോയമ്പത്തൂര്‍, ജംഷഡ്പുര്‍, ഭോപ്പാല്‍, മീററ്റ് എന്നിങ്ങനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് ആര്‍എഎഫിന്റെ പത്തു ബറ്റാലിയനുകളെ നിയോഗിച്ചിട്ടുണ്ട്.

pathram:
Leave a Comment