ചാലക്കുടിക്കാരന്‍ ചങ്ങാതി ഏഴ്ദിവസംകൊണ്ട് നേടിയത് നാലരക്കോടിയിലേറെ

ചാലക്കുടിക്കാരന്‍ ചങ്ങാതി തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നു. കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി സംവിധായകന്‍ വിനയന്‍ ഒരുക്കിയ ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. റിലീസ് ചെയ്ത ദിവസം മുതല്‍ തീയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരുന്നത്. എങ്കിലും ചിത്രത്തിന്റെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ സിനിമയുടെ കലക്ഷന്‍ എത്രയാണെന്ന് ഔദ്യോഗികമായി തന്നെ സംവിധായകന്‍ പുറത്തുവിട്ടിരിക്കുന്നു. മണിയോടുള്ള മലയാളികളുടെ സ്‌നേഹം കൂടിയാണ് വിജയത്തിന്റെ കാരണം. ഏഴ് ദിവസം കൊണ്ട് 4.55 കോടിയാണ് ചിത്രം വാരിയത്. സൂപ്പര്‍താരങ്ങളോ യുവതാരനിരയോ ഇല്ലായിരുന്നിട്ടും ചിത്രത്തിന് വമ്പന്‍ സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ ലഭിക്കുന്നത്.
കലാഭവന്‍മണിയെ നായകനാക്കി കരുമാടിക്കുട്ടന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നിങ്ങനെ വമ്പന്‍ ഹിറ്റകള്‍ ഇറക്കിയ ആളാണ് വിനയന്‍. വര്‍ഷങ്ങളുടെ ഇടവേളകള്‍ക്കു ശേഷം വിനയന്റെ ശക്തമായ തിരിച്ചുവരവു കൂടിയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. 2014ല്‍ റിലീസ് ചെയ്ത ലിറ്റില്‍ സൂപ്പര്‍മാന്‍ ആയിരുന്നു വിനയന്‍ അവസാനമായി സംവിധാനം ചെയ്തത്.

ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ടുള്ള വിയന്റെ പോസ്റ്റ് ഇങ്ങനെ…

‘എന്നും അഭിമാന പുരസ്സരം ഓര്‍ക്കത്തക്കരീതിയില്‍ ചാലക്കുടിക്കാരന്‍ ചങ്ങാതിക്ക് ഉജ്ജ്വല വിജയം തന്ന എല്ലാ അഭ്യുദയകാംഷികള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.”ഈ തിരിച്ചു വരവിലും മലയാള സിനിമയ്ക്ക് കഴിവുറ്റ ഒരു നായകനെ സമ്മാനിക്കാന്‍ കഴിഞ്ഞു എന്നതിലും… കലാഭവന്‍ മണി എന്ന അതുല്യ കലാകാരന് ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥിരപ്രതിഷ്ട ലഭിക്കും വിധം ഒരു ചിത്രം ഒരുക്കുവാന്‍ കഴിഞ്ഞു എന്നതിലും ഏറെ സന്തോഷമുണ്ട്.. ഇനിയും നിങ്ങളുടെ സ്‌നേഹവും സപ്പോര്‍ട്ടും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ.. സ്‌നേഹപൂര്‍വ്വം…. വിനയന്‍

pathram:
Leave a Comment