ഗീത ഉയരങ്ങളിലേക്ക്…!! ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധയായി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഗീത ഗോപിനാഥ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായ ഗീത ഗോപിനാഥ് രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്) മുഖ്യ സാമ്പത്തിക വിദഗ്ധയായി നിയമിതയായി. ഹാര്‍വഡ് സര്‍വകലാശാല ഇക്കണോമിക്‌സ് പ്രഫസറും മലയാളിയുമായ ഗീത ലോകത്തെ എണ്ണപ്പെട്ട സാമ്പത്തിക വിദഗ്ധരില്‍ ഒരാളാണ്. ഗീതയ്ക്ക് മികച്ച വിദ്യാഭ്യാസ യോഗ്യതകളുണ്ടെന്നും ബൗദ്ധികമികവും നേതൃത്വഗുണവും വിപുലമായ രാജ്യാന്തര പരിചയവുമുണ്ടെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റിന്‍ ലഗാര്‍ദെ അഭിപ്രായപ്പെട്ടു.

രാജ്യാന്തര സാമ്പത്തിക രംഗത്ത് ഏറെ നേട്ടങ്ങള്‍ കൈവരിച്ച ഗീത ഗോപിനാഥിന് അടുത്തിടെ അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് അംഗത്വം ലഭിച്ചിരുന്നു. പ്രായം അറുപതുകളിലെത്തിയ പ്രമുഖര്‍ നേടുന്ന അമേരിക്കന്‍ അക്കാദമി അംഗത്വം 46–ാം വയസ്സിലാണു ഗീതയെ തേടിയെത്തിയത്. ആഗോള തലത്തില്‍ 5000 അംഗങ്ങള്‍ മാത്രമാണ് അക്കാദമിക്ക് ഉള്ളത്. ഈ മാസം ആറിനു മാസച്യുസിറ്റ്‌സിലെ കേംബ്രിജില്‍ അക്കാദമി ആസ്ഥാനത്ത് അംഗത്വം ഔപചാരികമായി നല്‍കാനിരിക്കെയാണ് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനം ഗീതയ്ക്കു ലഭിക്കുന്നത്.

കണ്ണൂര്‍ സ്വദേശിയും കാര്‍ഷിക സംരംഭകനുമായ ടി.വി.ഗോപിനാഥിന്റെയും അധ്യാപിക വിജയലക്ഷ്മിയുടെയും മകളായ ഗീത മൈസൂരുവിലാണു പഠിച്ചുവളര്‍ന്നത്. ഡല്‍ഹി ലേ!!ഡി ശ്രീറാം കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ഓണേഴ്‌സും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും വാഷിങ്ടന്‍ സര്‍വകലാശാലയില്‍ നിന്നും എംഎയും പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റും നേടി.

പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയില്‍ ഗവേഷണത്തിനു വുഡ്രോ വില്‍സന്‍ ഫെലോഷിപ് ലഭിച്ചു. യുവ ലോകനേതാക്കളില്‍ ഒരാളായി വേള്‍ഡ് ഇക്കണോമിക് ഫോറം തിരഞ്ഞെടുത്തിരുന്നു. മുന്‍ ഐഎഎസ് ഓഫിസറും മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ (എംഐടി) പോവര്‍ട്ടി ആക്ഷന്‍ ലാബ് ഡയറക്ടറുമായ ഇക്ബാല്‍ ധലിവാള്‍ ആണു ഭര്‍ത്താവ്. മകന്‍ ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ഥി രോഹില്‍.

pathram:
Related Post
Leave a Comment