കുട്ടികള്‍ക്ക് നല്‍കിയ പോളിയോ വാക്‌സിനുകളില്‍ അണുബാധ

ഡല്‍ഹി: കുട്ടികള്‍ക്ക് നല്‍കിയ പോളിയോ വാക്‌സിനില്‍ അണുബാധ. മൂന്ന് സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കിയ പോളിയോ വാക്സിനുകളിലാണ് അണുബാധ കണ്ടെത്തിയത്. മഹാരാഷ്ട്ര, തെലങ്കാന, യുപി എന്നീ സംസ്ഥാനങ്ങളിലെ ചില മേഖലകളില്‍ നല്‍കിയ വാക്സിനുകളിലാണ് അണുബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ നിന്ന് ഇല്ലായ്മ ചെയ്ത ടൈപ് 2 പോളിയോ വൈറസിന്റെ അണുക്കളാണ് വാക്സിനേഷന്റെ ഭാഗമായി കുട്ടികള്‍ക്ക് നല്‍കിയതെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഗാസിയാബാദ് ആസ്ഥാനമായ ബയോമെഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണു വാക്സിനേഷനുള്ള മരുന്ന് നിര്‍മ്മിച്ചത്.
വാക്സിനേഷനുള്ള മരുന്നുകളുടെ ചില ബാച്ചുകളില്‍ അണുബാധയുണ്ടായത് എങ്ങനെയെന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ കമ്മിഷനെ രൂപീകരിച്ചു.ഉത്തര്‍പ്രദേശില്‍ വാക്സിനേഷനെടുത്ത ചില കുട്ടികളുടെ വിസര്‍ജ്യത്തില്‍ പോളിയോ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിഷയം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ ബയോമെഡ് കമ്പനിയുടെ വാക്സിനുകള്‍ പിന്‍വലിക്കാന്‍ മന്ത്രാലയം ഉത്തരവിട്ടു. കേന്ദ്ര ഡ്രഗ് റെഗുലേറ്ററുടെ പരാതിയില്‍ കമ്പനിയുടെ എംഡിയെ അറസ്റ്റ് ചെയ്തു. കമ്പനിക്ക് അഞ്ച് ഡയറക്ടര്‍മാരുണ്ട്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ കുത്തിവയ്പ്പു പരിപാടിക്കു മാത്രമാണ് ബയോമെഡ് കമ്പനി പോളിയോ വാക്സിനുകള്‍ നിര്‍മിച്ചു നല്‍കുന്നത്. ടൈപ്പ് 2 പോളിയോ വൈറസുകളുടെ അവശേഷിപ്പുകളെല്ലാം കളയാന്‍ 2016ല്‍ത്തന്നെ കേന്ദ്ര ഡ്രഗ് റെഗുലേറ്റര്‍ മരുന്നു കമ്പനികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
അണുബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് മൂന്നു സംസ്ഥാനങ്ങള്‍ക്കും ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അണുബാധയുള്ള വാക്സിന്‍ നല്‍കിയ കുട്ടികളെ കണ്ടെത്തി നിരീക്ഷിക്കണമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് നിര്‍ദേശം. വൈറസ് എങ്ങനെ പ്രവര്‍ത്തിക്കുമെന്നു കണ്ടെത്തേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു. പരിഭ്രാന്തരാകേണ്ടെന്നും മൂന്നു സംസ്ഥാനങ്ങളിലും സമിതികള്‍ ആരംഭിച്ച് നിരീക്ഷണം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. 50,000 ബാച്ച് മരുന്നുകളില്‍ ഒരു ബാച്ചില്‍ മാത്രമാണ് അണുബാധ കണ്ടെത്തിയിരിക്കുന്നത്. ഒരു ലക്ഷത്തോളം മരുന്നുകള്‍ വരുന്ന രണ്ടു ബാച്ച് വാക്സിനുകളിലും അണുബാധയുണ്ടെന്നു സംശയമുണ്ട്. ഇതു പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

pathram:
Related Post
Leave a Comment