കലക്റ്റര്‍ ബ്രോയ്ക്ക് അപൂര്‍വ രോഗം; കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍

കൊച്ചി: ‘കലക്ടര്‍ ബ്രോ’ പ്രശാന്ത് നായര്‍ അപൂര്‍വരോഗം ബാധിച്ച് ചികിത്സയില്‍. ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ ശ്രദ്ധനേടിയ കലക്റ്റര്‍ ബ്രോ ഇപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിയില്‍ ചികിത്സയില്‍ ആണ്. സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പ്രശാന്ത് തന്നെയാണ് അസുഖവിവരം പങ്കുവച്ചത്. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ കിടക്കുന്ന തന്റെ ചിത്രം സഹിതമാണു കുറിപ്പ്. മകള്‍ അമ്മുവാണു ചിത്രമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

അക്യൂട്ട് സെന്‍സറി ന്യൂറല്‍ ഹിയറിങ് ലോസ് എന്ന രോഗമാണ്. നേരത്തേ കണ്ടുപിടിച്ചതിനാല്‍ ആശങ്കപ്പെടാനില്ല. നിരവധി പരിശോധനകളും എംആര്‍ഐ സ്‌കാനിങും കഴിഞ്ഞു. മരുന്നുകളോടു നന്നായി പ്രതികരിക്കുന്നുണ്ട്. ജീവിതം എല്ലാദിവസവും എന്തെങ്കിലും പുതുമ സമ്മാനിക്കുന്നുണ്ട്. മനുഷ്യരാണെന്നു നമ്മള്‍ തിരിച്ചറിയുന്നു. മകളെടുത്ത ചിത്രം നല്ലതാണെന്നും രോഗിയുടെ ‘അയ്യോ പാവം’ ഭാവം കിട്ടിയിട്ടുണ്ടെന്നും പ്രശാന്ത് കുറിപ്പില്‍ പറയുന്നു.

കോഴിക്കോട് കലക്ടറായിരിക്കെ നടപ്പിലാക്കിയ പദ്ധതികളിലൂടെ ജനകീയനായപ്പോഴാണു പ്രശാന്ത് നായര്‍ക്കു കലക്ടര്‍ ബ്രോ എന്ന പേരുകിട്ടിയത്. കുറച്ചുനാള്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. പ്രളയ സമയത്തു കംപാഷനേറ്റ് കേരളത്തിന്റെ ഭാഗമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മുന്നിലുണ്ടായിരുന്നു.

pathram:
Related Post
Leave a Comment