ഓസ്‌കാറിന് ഇര്‍ഫാന്‍ ഖാന്‍,പക്ഷേ എന്‍ട്രി ഇന്ത്യന്‍ സിനിമയ്ക്കല്ല

അഭിനയ മികവുകൊണ്ട് ഇന്ത്യന്‍ സിനിമ ലോകം കീഴടക്കിയ നടനാണ് ഇര്‍ഫാന്‍ ഖാന്‍. വ്യത്യസ്ത വേഷങ്ങള്‍ കൊണ്ട് ആരാധകരെ ത്രസിപ്പിക്കുന്ന നടനെത്തേടി ഇപ്പോള്‍ മറ്റൊരു അംഗീകാരം എത്തിയിരിക്കുകയാണ്. അതും നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശില്‍ നിന്ന്. ഇര്‍ഫാന്‍ ഖാന്‍ നായകനായെത്തുന്ന ചിത്രം ഓസ്‌കറിന് അയക്കാന്‍ ഒരുങ്ങുകയാണ് ബംഗ്ലാദേശ്.

അന്തരിച്ച ബംഗ്ലാദേശി എഴുത്തുകാരനും സിനിമ നിര്‍മ്മാതാവുമായിരുന്ന ഹുമയൂണ്‍ അഹമദിന്റെ ജീവിത കഥ പറഞ്ഞ ധൂഭ് നോ ബെഡ് ഓഫ് റോസസ് എന്ന ചിത്രമാണ് ഓസ്‌കറിനായി പരിഗണിക്കുന്നത്. ഏറ്റവും മികച്ച വിദേശ ഭാഷ ചിത്രം എന്ന വിഭാഗത്തിലേക്കാണ് ഒഫീഷ്യല്‍ എന്ട്രിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

എന്നാല്‍ ബംഗ്ലാദേശില്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ചിത്രത്തില്‍ ഹുമയൂണ്‍ അഹമദായാണ് ഇര്‍ഫാന്‍ വേഷമിട്ടിരിക്കുന്നത്. ചിത്രം നിര്‍മിച്ചിരിക്കുന്നതും ഇര്‍ഫാന്‍ ഖാന്‍ തന്നെയാണ്. ഒരാണിനും പെണ്ണിനും ഇടയില്‍ നടക്കുന്ന മാനസിക സംഘര്‍ഷങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. മെസ്തഫ സര്‍വാര്‍ ഫറൂഖിയാണ് സംവിധാനം.

റൊക്കേയ പ്രാച്ചിയാണ് ചിത്രത്തില്‍ ഇര്‍ഫാന്റെ ഭാര്യയായി എത്തുന്നത്. നുസറത്ത് ഇംറോസ് തിഷ ഇര്‍ഫാന്റെ മകളായും ഇന്ത്യന്‍ നടി പൗര്‍ണോ മിത്ര മകളുടെ കൂട്ടുകാരിയായും അഭിനയിച്ചിരിക്കുന്നു. യഥാര്‍ത്ഥ ജീവിതാനുഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത് എന്നാണ് സംവിധായന്‍ ഫറൂഖി പറയുന്നത്. ചിത്രത്തിന്റെ ഇതിവൃത്തത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെ പേരില്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തി. പിന്നീട് 2017 ഒക്റ്റോബറിലാണ് വിലക്ക് നീങ്ങുന്നത്. തുടര്‍ന്ന് ഫ്രാന്‍സ്, ഇന്ത്യ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു.

pathram desk 2:
Leave a Comment