പമ്പയില്‍ ഇനി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കില്ല, തീര്‍ത്ഥാടകര്‍ക്ക് വേണ്ട താത്കാലിക സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങളുണ്ടായ പമ്പാ മണപ്പുറത്ത് ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ ആദ്യ ആഴ്ചയോടെ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങളും താത്കാലിക നടപ്പന്തലും സമയബന്ധിതമായി സജ്ജീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പമ്പ തീരത്തെ വ്യാപാര സ്ഥാപനങ്ങള്‍ എല്ലാം നിലയ്ക്കലിലേക്ക് മാറ്റണമെന്നും പുതിയ കെട്ടിടങ്ങള്‍ പമ്പയില്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്ന് കോടി രൂപ ചിലവുള്ള പ്രീ-ഫാബ് ഘടനയിലുള്ള നടപ്പന്തലാകും പമ്പയില്‍ നിര്‍മ്മിക്കുക. ത്രിവേണിയിലെ പാലത്തിന്റെ ബലക്ഷമത പരിശോധിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.

നിലയ്ക്കലില്‍ നിലവിലുള്ള രണ്ടായിരം പേര്‍ക്കുള്ള വിശ്രമസങ്കേതത്തിനൊപ്പം രണ്ടായിരം പേര്‍ക്ക് കൂടിയുള്ള വിശ്രമകേന്ദ്രം നിര്‍മ്മിക്കും. ഭാവിയിലെ ആവശ്യം കൂടി കണക്കിലെടുത്ത് ആറായിരം പേര്‍ക്കുള്ള വിശ്രമസൗകര്യം കൂടി ഒരുക്കുന്നതോടെ പതിനായിരം പേരെ ഒരേ സമയം ഉള്‍ക്കൊള്ളാവുന്ന വിശ്രമകേന്ദ്രം നിലയ്ക്കലില്‍ സജ്ജമാക്കാനും അവലോകന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

ഒരു ദിവസത്തേക്ക് അറുപത് ലക്ഷം ലിറ്റര്‍ കുടിവെള്ളം എന്ന കണക്കില്‍ നിലയ്ക്കലില്‍ സംഭരിക്കും. സീതത്തോട്, പമ്പ പ്ലാന്റുകളില്‍ നിന്നായി ജലമെത്തിക്കുന്നതിനൊപ്പം, നിലയ്ക്കലില്‍ ആറ് കുഴല്‍കിണറുകളും, പമ്പ കെഎസ്ആര്‍ടിസി സ്റ്റേഷനില്‍ രണ്ട് കുഴല്‍കിണറുകളും കുഴിക്കുന്നതിനുമുള്ള നടപടികളും എത്രയും വേഗം കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

pathram desk 2:
Related Post
Leave a Comment