വിശ്വാസികള്‍ പാരിഷ് കൗണ്‍സില്‍ യോഗത്തിലേക്ക് തളളിക്കയറി സംഘര്‍ഷം; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിച്ചു

മാനന്തവാടി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തിവന്നിരുന്ന സമരത്തിന് പിന്തുണയറിയിച്ചതിന്റെ പേരില്‍ മാനന്തവാടി രൂപതാംഗമായ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ സ്വീകരിച്ച നടപടി കാരയ്ക്കാമല ഇടവക പിന്‍വലിച്ചു. നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിശ്വാസ സമൂഹം നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം.

എറണാകുളം ഹൈകോര്‍ട്ട് ജംഗ്ഷനില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ ദിവസങ്ങളോളം നീണ്ടുനിന്ന കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തെന്നും മാധ്യമങ്ങളിലൂടെ സഭയെ വിമര്‍ശിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ ഇടവക നടപടിയെടുത്തത്. വേദപാഠം പഠിപ്പിക്കുക, വിശുദ്ധ കുര്‍ബാന നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സിസ്റ്ററിനോട് ആവശ്യപ്പെട്ടത്. സിസ്റ്റര്‍ ലൂസിയുടെ പ്രതികരണം എടുക്കാതെയുളള നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇതിന്റെ തുടര്‍ച്ചെയെന്നോണം സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വിശ്വാസികള്‍ പാരിഷ് കൗണ്‍സില്‍ യോഗത്തിലേക്ക് തളളിക്കയറിയത് സംഘര്‍ഷത്തിന് കാരണമായി. തുടര്‍ന്ന് സിസ്റ്റര്‍ക്കെതിരായ നടപടി പിന്‍വലിച്ചതായി ഇടവക അധികൃതര്‍ പ്രതിഷേധക്കാരെ അറിയിക്കുകയായിരുന്നു. നീതി വിജയിച്ചെന്ന് സിസ്റ്റര്‍ ലൂസി പ്രതികരിച്ചു. തന്നെ പിന്തുണച്ച ഇടവക സമൂഹത്തോട് അവര്‍ നന്ദി പറഞ്ഞു. വിശ്വാസ സമൂഹത്തിന്റെ കരുത്താണ് പ്രകടമായതെന്നും ലൂസി പറഞ്ഞു.

pathram desk 2:
Related Post
Leave a Comment