കമാന്‍ഡര്‍ അഭിലാഷിനെ രക്ഷപെടുത്തി; സ്ഥിരീകരിച്ച് നാവികസേനയും

സിഡ്‌നി: ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. അഭിലാഷ് ബോധരഹിതനല്ലെന്നും പ്രതികരിക്കുന്നുണ്ടെന്നും ഗോള്‍ഡന്‍ ഗ്ലോബ് റേസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. അഭിലാഷിനെ രക്ഷപ്പെടുത്തിയ വാര്‍ത്ത ഇന്ത്യന്‍ നാവികസേന ട്വിറ്ററില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രഞ്ച് ഫിഷറീസ് പട്രോളിങ് വെസല്‍ ഓസരീസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. ഇദ്ദേഹത്തെ ഓസിരിസ് കപ്പലിലേക്ക് മാറ്റി. ശേഷം അഭിലാഷിനെ ആംസ്റ്റര്‍ഡാം ദ്വീപിലെ ഡോക്ടറുടെ അരികിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 1800 നോട്ടിക്കല്‍ മൈല്‍ (3300 കിലോമീറ്റര്‍) അകലെ പ്രക്ഷുബ്ധമായ കടലിലായിരുന്നു അഭിലാഷിന്റെ പായ്‌വഞ്ചി.

ജൂലായ് ഒന്നിന് ഫ്രാന്‍സിലെ ലെ സാബ്ലോ ദൊലോന്‍ തുറമുഖത്തുനിന്ന് തൂരിയ എന്ന പായ്‌വഞ്ചിയിലാണ് അഭിലാഷ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് പര്യടനം ആരംഭിച്ചത്. മോശം കാലവസ്ഥയെ തുടര്‍ന്നാണ് അഭിലാഷിന്റെ പായ്‌വഞ്ചി അപകടത്തില്‍പ്പെട്ടത്. പായ്‌വഞ്ചിയുടെ തൂണ്‍ തകര്‍ന്നുവീണ് അഭിലാഷിന്റെ മുതുകിന് സാരമായ പരിക്കേറ്റിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

pathram:
Related Post
Leave a Comment