ഇടുക്കി: കടംവീട്ടാന്‍ യുട്യൂബ് നോക്കി സ്വന്തമായി കള്ളനോട്ട് അടിച്ചു. കടം വാങ്ങിയ ആള്‍ക്ക് പണം തിരിച്ചുകൊടുത്തപ്പോള്‍ പൊലീസ് പൊക്കി. ഇടുക്കിയില്‍ ആണ് നാലംഗ കള്ളനോട്ടടി സംഘം പിടിയിലായത്. തമിഴ്‌നാട് നാമക്കല്‍ ജില്ല പാപ്പന്‍പാളയം സുകുമാര്‍ (43), നാഗൂര്‍ബാനു (33), ചന്ദ്രശേഖരന്‍ (22), തങ്കരാജ് (22) എന്നിവരാണ് പിടിയിലായത്. യൂട്യൂബ് നോക്കി കള്ളനോട്ട് അച്ചടിച്ച നാലംഗ സംഘം പൊലീസ് പിടിയില്‍. പിവിസി പൈപ്പ് കച്ചവടക്കാരനായിരുന്നു അറസ്റ്റിലായ സുകുമാര്‍. എട്ട് വര്‍ഷമായി പാപ്പന്‍പാളയത്തായിരുന്നു ഇയാള്‍ കച്ചവടം നടത്തിയിരുന്നത്. കടക്കെണിയിലായതിനെ തുടര്‍ന്ന് സുഹൃത്തായ നാഗൂര്‍ബാനുവാണ് യൂട്യൂബിലെ കള്ളനോട്ട് അടിക്കല്‍ സുകുമാറിന് പരിചയപ്പെടുത്തിയത്.
ഇതനുസരിച്ച് സുകുമാര്‍ ലാപ്‌ടോപ്, സ്‌കാനിങ് മെഷീന്‍, പ്രിന്റര്‍ എന്നിവ വാങ്ങി വീട്ടില്‍ നോട്ട് അച്ചടി തുടങ്ങി. 4 ലക്ഷം രൂപയാണ് 2 ദിവസത്തിനുള്ളില്‍ അച്ചടിച്ചത്. ഇതില്‍ നിന്ന് 80,000 രൂപ രമേശ് എന്നയാള്‍ക്ക് കൊടുത്ത് കടംവീട്ടി. കള്ളനോട്ടാണെന്ന് സംശയം തോന്നിയ രമേശ് പൊലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് നോട്ട് അച്ചടി കണ്ടെത്തിയത്. സഹായം ചെയ്തതിനാണ് ചന്ദ്രശേഖരന്‍, തങ്കരാജ് എന്നിവര അറസ്റ്റ് ചെയ്തത്. പ്രതികളെ നാമക്കല്‍ കോടതി റിമാന്‍ഡ് ചെയ്തു.
Leave a Comment