ബിഷപ് പറഞ്ഞത് പച്ചക്കള്ളം; പൊലീസ് തെളിവ് നിരത്തിയപ്പോള്‍ മുട്ടുകുത്തി

കൊച്ചി: ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചില വാദങ്ങളും യഥാര്‍ത്ഥ സംഭവങ്ങളും തമ്മിലുള്ള പൊരുത്തക്കേട് നിരത്തിയാണ് പൊലീസ് ബിഷപിനെ കുടുക്കിയത്. പൊലീസിന്റെ രണ്ടാം ഘട്ട തെളിവുശേഖരണവും സ്വന്തം മൊഴിയുമാണ് ഫ്രാങ്കോ മുളയ്ക്കലിനു തിരിച്ചടിയായതെന്നു വിലയിരുത്തല്‍. ആദ്യദിവസം ചോദ്യങ്ങളോടു നിഷേധാത്മക നിലപാടു സ്വീകരിച്ച ബിഷപ്പിനെ മറുതെളിവുകള്‍ നിരത്തിയാണു രണ്ടാം ദിനം അന്വേഷണസംഘം നേരിട്ടത്. കന്യാസ്ത്രീയുടെ പരാതിക്കു കാരണം അച്ചടക്ക നടപടിയാണെന്ന ആരോപണവും തെളിവുകള്‍ നിരത്തി പൊളിച്ചു. 2017 മേയില്‍ അച്ചടക്കനടപടി എടുത്തതിനെതുടര്‍ന്നു തന്നോടു പകവീട്ടുകയാണു കന്യാസ്ത്രീ എന്നായിരുന്നു ബിഷപ്പിന്റെ പ്രധാനവാദം. എന്നാല്‍ 2016 സെപ്റ്റംബറില്‍ അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തില്‍ കുമ്പസാരത്തിനിടെ കന്യാസ്ത്രീ പീഡനവിവരം തുറന്നുപറഞ്ഞതായി പൊലീസ് കണ്ടെത്തി. അന്ന് ഏതാനും വൈദികരോടും ഇക്കാര്യം പറഞ്ഞിരുന്നു. ഈ കാര്യത്തില്‍ തന്നെ ബിഷപിന്റെ വാദം പൊളിഞ്ഞു.

പീഡനം നടന്നുവെന്നു പരാതിയില്‍ പറയുന്ന ദിവസം കുറവിലങ്ങാട്ടെ മിഷന്‍ ഹോമില്‍ താമസിച്ചിട്ടില്ലെന്നും അന്നു താമസിച്ചത് മുതലക്കോടം മഠത്തിലായിരുന്നുവെന്നും ബിഷപ്പ് വാദിച്ചു. എന്നാല്‍ കുറവിലങ്ങാട്ടെ മിഷന്‍ ഹോമില്‍ ബിഷപ്പ് വന്നതിന്റെ രേഖകള്‍ പൊലീസ് കണ്ടെത്തി. മുതലക്കോടം മഠത്തില്‍ ബിഷപ്പ് താമസിച്ചിതായി രേഖകളില്ല. അവിടെയുള്ള മുതിര്‍ന്ന കന്യാസ്ത്രീ ബിഷപ്പ് താമസിച്ചിട്ടില്ലെന്ന് മൊഴിയും നല്‍കി. ഇതോടെ ബിഷപിന് കൂടുതല്‍ തിരിച്ചടി ആയി.

സ്വയം ഭരണസ്ഥാപനമായ മിഷനറീസ് ഓഫ് ജീസസിന്റെ ഭരണകാര്യങ്ങളില്‍ ജലന്തര്‍ രൂപത ഇടപെടാറില്ലെന്നു വാദിച്ച ബിഷപ്പ് താന്‍ ആത്മീയ ഗുരുമാത്രമായിരുന്നു എന്നും മദര്‍ ജനറാളിനാണ് പൂര്‍ണ ചുമതലയെന്നും പറഞ്ഞു. ഈ വാദവും പൊലീസ് പൊളിച്ചടുക്കി. കന്യാസ്ത്രീകള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും അതു സംബന്ധിച്ചു തനിക്കു റിപ്പോര്‍ട്ട് ചെയ്യണമെന്നും കാണിച്ച് ബിഷപ്പ് മദര്‍ ജനറാളിന് അയച്ച കത്തും നടപടി വൈകിയപ്പോള്‍ മദര്‍ ജനറാളിനെ ഓര്‍മപ്പെടുത്തിയ കത്തും പൊലീസ് നിരത്തി വച്ചപ്പോള്‍ ബിഷപ് അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിച്ചു.

കന്യാസ്ത്രീ നല്‍കിയ ആദ്യ പരാതികളില്‍ ലൈംഗിക പീഡനം എന്നു പറഞ്ഞിട്ടില്ലെന്ന് തുടര്‍ന്ന് ബിഷപ്പ് വാദിച്ചു. എന്നാല്‍ ആദ്യ പരാതികള്‍ മറ്റൊരാള്‍ വഴിയാണു നല്‍കിയതെന്നു പറഞ്ഞ പൊലീസ് വിവരങ്ങള്‍ പുറത്തുപോകാതിരിക്കാനാണു പീഡനകാര്യം മറച്ചുവച്ചതെന്നും മേലധികാരികളോടു പീഡനം നടന്നു എന്നു തുറന്നുപറഞ്ഞതായും വ്യക്തമാക്കി. കന്യാസ്ത്രീയുടെ നീക്കം വളരെ കൃത്യമായിരുന്നു. തെളിവുകള്‍ നശിപ്പിക്കാനും കേസ് ഒതുക്കാനും ബിഷപിന് കഴിവുണ്ടെന്നത് മനസിലാക്കി എല്ലാം വളരെ സൂഷ്മമായി നീങ്ങി. അതുകൊണ്ടുതന്നെ ബിഷപിനെ കൃത്യമായി പൂട്ടാനും കഴിഞ്ഞു.

ചോദ്യങ്ങളില്‍ ഉത്തരംമുട്ടിയതോടെ ബിഷപ്പ് കന്യാസ്ത്രീയെ അറിയില്ലെന്നും പറഞ്ഞു. എന്നാല്‍ ബിഷപ്പും കന്യാസ്ത്രീയും ബന്ധുവിന്റെ മാമോദിസാ ചടങ്ങിന് ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോയും വിഡിയോയും പുറത്തുവിട്ട് ഒടുവിലത്തെ വാദവും പൊലീസ് പൊളിച്ചു.

അതേസമയം അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് ചികില്‍സ രേഖകള്‍ ശേഖരിച്ചതിനുശേഷമാണ് കോടതിയിലെത്തിച്ചത്. ബിഷപ് ഇന്നു കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിടരുതെന്നു വാദിക്കും. എന്നാല്‍ ബിഷപ്പിനെ മൂന്നു ദിവസം കസ്റ്റഡിയില്‍ വേണമെന്നു പൊലീസ് ആവശ്യപ്പെടുമെന്നാണു സൂചന.

ബിഷപ്പിനുവേണ്ടി അഡ്വക്കേറ്റ് ബി. രാമന്‍ പിള്ളയാകും ഹാജരാകുക. നടിയെ തടിക്കൊണ്ടുപോയ കേസില്‍ നടന്‍ ദിലീപിന്റെ അഭിഭാഷകനാണ് രാമന്‍ പിള്ള. കൊച്ചിയില്‍നിന്നു കൊണ്ടുവരുമ്പോള്‍ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രി ബിഷപ്പിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. തുടര്‍ന്ന് ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് രണ്ടു തവണ നടത്തി. ബിഷപ്പിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.

pathram:
Related Post
Leave a Comment