കമ്മട്ടിപ്പാടത്തിന് ശേഷം പി. ബാലചന്ദ്രന്റെ അടുത്ത തിരക്കഥ ടൊവീനോയ്ക്ക് വേണ്ടി

ടൊവീനോ തോമസിന്റെ തീവണ്ടി പ്രേക്ഷക ഹൃദയം കീഴടക്കി തീയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ ടൊവീനോയുടെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അഞ്ച് ചിത്രങ്ങള്‍ക്കടുത്ത് ടൊവീനോ കരാറൊപ്പിട്ട് കഴിഞ്ഞെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ഒമര്‍ലുലുവിന്റെ അസോസിയേറ്റായിരുന്ന സ്വപ്നേഷ് കുമാറാണ് താരത്തെ നായകനാക്കി പുതിയ ചിത്രമൊരുക്കുന്നത്.

ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം കമ്മട്ടിപ്പാടത്തിന്റെ തിരക്കഥാകൃത്തും നടനുമായ പി ബാലചന്ദ്രനാണ് ചിത്രത്തിനായി തിരക്കഥ എഴുതുന്നതെന്നതാണ്. റൂബി ഫിലിംസിന്റെ ബാനറില്‍ ജയന്ത് മാമനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പവിത്രം, അഗ്‌നി ദേവന്‍, ഉള്ളടക്കം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടിയാണ് ബാലചന്ദ്രന്‍.

നിലവില്‍ സലിം അഹമ്മദ് ചിത്രം ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു വിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കാനഡയിലാണ് ടൊവീനോ. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ലൂസിഫറിന്റെ ഷെഡ്യൂളുകളും താരത്തിന് പൂര്‍ത്തിയാക്കാന്‍ ബാക്കിയുണ്ട്. അതിന് ശേഷം അരുണ്‍ ബോസ് ഒരുക്കുന്ന ലൂക്ക, ജിയോ ബേബിയുടെ പേരിടാത്ത ട്രാവല്‍ ചിത്രം, പ്രവീണ്‍ പ്രഭാറാമിന്റെ കല്‍ക്കി തുടങ്ങിയവയാണ് ടൊവീനോയുടെ പുതിയ ചിത്രങ്ങള്‍.

pathram desk 1:
Related Post
Leave a Comment