ദുരഭിമാനക്കൊലയില്‍ ഐഎസ്‌ഐ ബന്ധമെന്ന് പൊലീസ്,ക്വട്ടേഷന്‍ നല്‍കിയത് 1 കോടി രൂപയ്ക്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ 23കാരനായ ദലിത് യുവാവിനെ കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് ബിഹാറില്‍ നിന്നും അറസ്റ്റ് ചെയ്തു. ബിഹാറില്‍ നിന്നുളള ക്വട്ടേഷന്‍ സംഘമാണ് എന്‍ജിനീയറായ പ്രണയ് പെരുമല്ലയെ കൊലപ്പെടുത്തിയത്. ക്വട്ടേഷന്‍ സംഘത്തിന് പാക് ചാര സംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രണയിയുടെ ഭാര്യ അമൃതയുടെ പിതാവ് മാരുതി റാവു അടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മാരുതി റാവുവും ബന്ധുക്കളും 1 കോടി രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇതില്‍ 18 ലക്ഷം രൂപ അഡ്വാന്‍സ് ആയി നല്‍കിയിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. 2003ല്‍ ഗുജറാത്ത് മുന്‍ മന്ത്രിയായ ഹരേണ്‍ പാണ്ഡ്യയെ കൊലപ്പെടുത്തി പിന്നീട് കുറ്റവിമുക്തനായ പ്രതിയും സംഘത്തിലുണ്ടായിരുന്നെന്നാണ് ബിഹാര്‍ പൊലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എന്‍ജിനീയറായ പ്രണയ് ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍ വച്ച് കൊല്ലപ്പെട്ടത്.

ആശുപത്രിയില്‍ നിന്ന് പുറത്ത് വരുമ്പോഴാണ് അക്രമി പിന്നിലൂടെ വന്ന് പ്രണയിനെ വെട്ടിയത്. നാല്‍ഗോണ്ടയിലെ ജ്യോതി ആശുപത്രിക്ക് പുറത്താണ് അക്രമം നടന്നത്. ഭര്‍ത്താവ് കൊല്ലപ്പെടുന്നതിന്റെ രണ്ട് ദിവസം മുമ്പ് ബുധനാഴ്ച തന്റെ പിതാവ് ഫോണ്‍ ചെയ്തതായി അമൃത പറഞ്ഞു.

‘എന്റെ അച്ഛന്റെ ഏക മകളാണ് ഞാന്‍. ജനുവരിയില്‍ പ്രണയിയെ വിവാഹം ചെയ്തതോടെ അച്ഛന്‍ വല്ലപ്പോഴും മാത്രമാണ് എന്നോട് സംസാരിക്കാറുളളത്. വീട്ടിലേക്ക് തിരിച്ച് വരാനോ ഗര്‍ഭം അലസിപ്പിക്കാനോ മാത്രമാണ് അച്ഛന്‍ ആവശ്യപ്പെടാറുളളത്. ഗര്‍ഭം അലസിപ്പിച്ച് കുട്ടികളില്ലാതെ മൂന്ന് വര്‍ഷം ജീവിച്ചാല്‍ വിവാഹം താന്‍ അംഗീകരിക്കുമെന്നാണ് അച്ഛന്‍ പറഞ്ഞത്’, അമൃതയെ ഉദ്ധരിച്ച് ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘എന്റെ കുട്ടിയെ ഇല്ലാതാക്കില്ലെന്നാണ് ഞാന്‍ അച്ഛനോട് പറഞ്ഞത്. പ്രണയിയെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞ് ഒരു പ്രശ്‌നമാവാതിരിക്കാനാണ് അവര്‍ എന്നോട് ഗര്‍ഭച്ഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടതെന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലാവുന്നു. കുഞ്ഞില്ലെങ്കില്‍ അവര്‍ക്ക് എന്നെ മറ്റ് പ്രശ്‌നങ്ങളില്ലാതെ വീട്ടിലെത്തിക്കാന്‍ കഴിയുമെന്ന് കരുതിക്കാണും’, അമൃത പറഞ്ഞു.

‘എന്റെ രക്ഷിതാക്കള്‍ എന്തെങ്കിലും ചെയ്യുമെന്ന് ഭയപ്പെട്ടിരുന്നു. പക്ഷെ അവര്‍ പൊതുസ്ഥലത്ത് വച്ച് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. ഞങ്ങളുടെ ജീവിതം തകര്‍ത്തവരെ ശിക്ഷിക്കണം. അവര്‍ ജയിലില്‍ പോയത് കൊണ്ട് മാത്രം കാര്യമില്ല, അവിടെയും അവര്‍ ജീവിക്കും. പ്രണയിയെ കൊന്നത് പോലെ അവരും കൊല്ലപ്പെടണം. ഇതുപോലെ ജാതിയുടെ പേരിലുളള കൊലപാതകങ്ങള്‍ ഇനി സംഭവിക്കരുത്. ജാതീയത ഇല്ലാതാക്കണമെന്നായിരുന്നു പ്രണോയിയുടെ ആഗ്രഹം, ഞാന്‍ അതിന് വേണ്ടി പോരാടും’, അമൃത വ്യക്തമാക്കി.

വെള്ളിയാഴ്ചയാണ് പ്രണയ് കൊല്ലപ്പെട്ടത്. മൂന്ന് മാസം ഗര്‍ഭിണിയായ ഭാര്യ അമൃതയെ ഡോക്ടറെ കാണിക്കാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് പ്രണയിനെ വെട്ടിക്കൊന്നത്. ഭാര്യ അമൃതയും മറ്റൊരു സ്ത്രീയും കൂടെ ഉണ്ടായിരുന്നെങ്കിലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ആശുപത്രി ഗേറ്റ് കടന്ന് പുറത്തെത്തിയപ്പോഴാണ് പിന്നിലൂടെ വന്ന അക്രമി പ്രണയിന്റെ തലയ്ക്ക് വാള്‍ കൊണ്ട് ആഞ്ഞുവെട്ടിയത്. ആദ്യത്തെ വെട്ടിന് തന്നെ താഴെ വീണ പ്രണയിന്റെ തലയ്ക്ക് ഇയാള്‍ ഒന്നുകൂടി വെട്ടി ഓടി രക്ഷപ്പെട്ടു. അമൃതയും കൂടെ ഉണ്ടായിരുന്ന സ്ത്രീയും പ്രണയിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പ്രണയ് വെട്ടേറ്റ് നിലത്ത് വീണയുടനെ ഗര്‍ഭിണിയായ അമൃത നിലവിളിച്ച് കൊണ്ട് സഹായം അഭ്യര്‍ത്ഥിച്ച് ആശുപത്രിയിലേക്ക് ഓടിക്കയറുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രണയ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആറ് മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്.

pathram desk 2:
Related Post
Leave a Comment