കൊച്ചി: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്ന് പിടികൂടിയ ചായപ്പൊടിയില്‍ മായം ചേര്‍ത്തതായി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനാ ഫലം. കളര്‍ചായപ്പൊടി ഉപയോഗിച്ചവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എം.ജി രാജമാണിക്യം വ്യക്തമാക്കി. കോഴിക്കോട്, മലപ്പുറം എടപ്പാളിലെ നരിപ്പറമ്പ് എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച ചായപ്പൊടി കളര്‍ ചേര്‍ത്തുവെന്ന് പരിശോധനയില്‍ തെളിഞ്ഞു. സിന്തറ്റിക് കളറുകളുടെ സാന്നിധ്യമാണ് ചായപ്പൊടിയില്‍ കണ്ടെത്തിയിരിക്കുന്നത്.
കളര്‍ചായപ്പൊടി ഉപയോഗിച്ച ചായക്കടകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എം ജി രാജമാണിക്യം പറഞ്ഞു. മൂന്ന് ലക്ഷം രൂപ വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണ് ഭക്ഷ്യവസ്തുവില്‍ മായം ചേര്‍ക്കല്‍. സംസ്ഥാനത്തെ മുഴുവന്‍ ചായക്കടകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കാന്‍ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബില്ല് ഇല്ലാതെ ചായപ്പൊടി വാങ്ങരുത് എന്നും രാജമാണിക്യം ചായക്കടയുടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഒരു കിലോ ചായപ്പൊടിയില്‍ നിന്ന് 200 കപ്പ് ചായയാണ് കണക്ക്. നിറം ചേര്‍ത്ത ചായപ്പൊടിയാണെങ്കില്‍ നാനൂറ് കപ്പിന് മുകളില്‍ ചായ വില്‍ക്കാം. പകുതി വിലയ്ക്ക് കളര്‍ ചായപ്പൊടി കിട്ടുകയും ചെയ്യും. ഇതാണ് കച്ചവടക്കാരെ ആകര്‍ഷിക്കുന്നത്.
Leave a Comment