തിരുവനന്തപുരം: വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടിരിക്കുകയാണ്. മികച്ചൊരു ശാസ്ത്രജ്ഞനെ കള്ളക്കേസില്‍ കുടുക്കി ജീവിതം നശിപ്പിച്ചെങ്കിലും കാലം അദ്ദേഹത്തിനൊപ്പമാണെന്ന് തെളിയിക്കപ്പെട്ടു. നഷ്ടപരിഹാര തുകയായി സുപ്രീം കോടതി 50 ലക്ഷം രൂപ വിധിച്ചു. എന്നാല്‍ ഇത് കടം വീട്ടാന്‍ മാത്രമേ തികയു എന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ നഷ്ടപരിഹാരത്തിനുള്ള പോരാട്ടം തുടരുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.
‘സുപ്രീം കോടതി വിധിച്ച 50 ലക്ഷം രൂപ കടം വീട്ടാനെ തികയൂ. അഞ്ചു മിനിറ്റു കൊണ്ട് ആ തുക തീരും. തിരുവനന്തപുരം സബ് കോടതിയില്‍ ഒരു കോടിരൂപ നഷ്ടപരിഹാരം തേടിയാണ് കേസ് നല്‍കിയത്. സ്നേഹിക്കുന്ന നിരവധിപ്പേര്‍ പണംതന്നു സഹായിച്ചു. സമ്പാദ്യവും പെന്‍ഷനുമെല്ലാം കേസിനുവേണ്ടി ചിലവാക്കി. സുപ്രീം കോടതി നിയോഗിച്ച ജുഡീഷ്യല്‍ കമ്മിറ്റി വിളിച്ചാല്‍ പോയി മൊഴിനല്‍കും. സംസ്ഥാന പോലീസ് മാത്രമല്ല പീഡിപ്പിച്ചത്. ഐബി ഉദ്യോഗസ്ഥരുമുണ്ട്. ഇവരെ എല്ലാവരെയും കണ്ടാല്‍ അറിയാം.’
‘മാധ്യമങ്ങളും ആക്രമിച്ചു. ഇല്ലാത്ത കഥകളാണ് എഴുതിയതെങ്കില്‍ അത് നല്‍കിയത് ആരെന്ന് വ്യക്തമാക്കണം. ഇകെ നയനാരാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. അദ്ദേഹം മനുഷ്യത്വമുള്ള നല്ല ഭരണാധികാരിയാണ്. ഇദ്ദേഹത്തെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കെ കരുണാകരനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. നാടിനുവേണ്ടി നല്ലതു ചെയ്ത ഭരണാധികാരിയാണ് അദ്ദേഹം’ നമ്പി നാരായണന്‍ പറഞ്ഞു.
എന്റെ കേസ് നടത്തിയ അഭിഭാഷകരെല്ലാം ഇപ്പോള്‍ ഉന്നത നിലയിലാണ്. സുപ്രീം കോടതിയില്‍ കേസ് നടത്തിയ ഉണ്ണികൃഷ്ണന്‍ ഒരു രൂപപോലും വാങ്ങിയിട്ടില്ല. സുപ്രീം കോടതിവരെ ഓരോ തവണ പോകുമ്പോഴും 30000 രൂപയായിരുന്നു ചെലവ്. കേസില്‍ കുടുക്കിയതാരാണെന്നും എന്തിനാണെന്നും എനിക്കറിയില്ല. ഒരു കോടതിയും എന്നെ കുറ്റക്കാരനായി കണ്ടില്ലെന്നത് ആശ്വാസകരമാണ്. മാനനഷ്ടക്കേസ് ഫയല്‍ ചെയ്തപ്പോള്‍ വല്ലാതെ ദുഖിച്ചു. നോട്ടീസ് അയയ്ക്കുമ്പോഴെല്ലാം കോടതിയില്‍ പോകണമായിരുന്നു. ചെയ്യാത്ത തെറ്റിന് വലിയ ശിക്ഷയായിരുന്നു അത്. സുപ്രീം കോടതിയില്‍ കേസ് പരിഗണിച്ച 3 ജഡ്ജിമാരെയും എനിക്കറിയില്ല. എന്നാല്‍ ശരിയറിഞ്ഞ് എനിക്കുവേണ്ടി വാദിക്കും പോലെ തോന്നി. വിധിയറിഞ്ഞ് ഐഎസ്ആര്‍ഒ ചെയര്‍മാനുള്‍പ്പെടെ കൂടെ ജോലിചെയ്തിരുന്ന നിരവധിപ്പേര്‍ വിളിച്ചു സന്തോഷം പങ്കിട്ടു’ അദ്ദേഹം പറഞ്ഞു.
കോടതിയില്‍ നിന്നും വളരെ രസകരമായ ഒരുപാട് അനുഭവങ്ങളുണ്ടായി. അതെല്ലാം ചേര്‍ത്ത് ഒരു പുസ്തകമെഴുതണം. എന്നെക്കുറിച്ച് ഒരു സിനിമയും വരുന്നുണ്ട്. മാധവനാണ് എന്റെ വേഷം ചെയ്യുന്നത്’ അദ്ദേഹം പറഞ്ഞു.
Leave a Comment