ജലന്ധര്‍: ജലന്ധര്‍ ബിഷപ്പിന്റെ ചുമതലകള്‍ കൈമാറി ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേക്ക്. വൈദികര്‍ക്ക് അയച്ച കത്തിലാണ് ഫ്രാങ്കോ ഇക്കാര്യം അറിയിച്ചത്. കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ചോദ്യം ചെയ്യലിനായി കേരള പോലീസ് വിളിപ്പിച്ച പശ്ചാത്തലത്തിലാണ് നടപടി. ചോദ്യം ചെയ്യലിന് പിന്നാലെ ഫ്രാങ്കോയെ പോലീസ് അറസ്റ്റ് ചെയ്തേക്കുമെന്ന സൂചന ശക്തമാണ്. രൂപതയുടെ ഭരണ ചുമതല മൂന്ന് വൈദികര്‍ക്കാണ് കൈമാറിയത്.
രൂപതയുടെ ഭരണ ചുമതല ഫാദര്‍ മാത്യു കോക്കണ്ടത്തിന് നല്‍കി. ഫാദര്‍ സുബിന്‍ തെക്കേടത്ത്, ഫാദര്‍ ജോസഫ് തെക്കുംപറമ്പില്‍ എന്നിവരടങ്ങിയ വൈദികര്‍ രൂപതയുടെ ഭരണ ചുമതലയില്‍ ഫാദര്‍ മാത്യു കോക്കണ്ടത്തിനെ സഹായിക്കുമെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജലന്ധര്‍ രൂപത ബിഷപ്പ് പീഡനക്കേസില്‍ അറസ്റ്റിലായി എന്ന തരത്തില്‍ വാര്‍ത്ത വരുന്നത് സഭയ്ക്ക് തിരിച്ചടിയാണ് എന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് സ്ഥാനം ഒഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.
എല്ലാം ദൈവത്തിന് കൈമാറുന്നു എന്ന് കത്തില്‍ ഫ്രാങ്കോ സൂചിപ്പിക്കുന്നു. രൂപതയ്ക്ക് പുറത്തുപോകുമ്പോഴുള്ള താല്‍ക്കാലിക നടപടി മാത്രമാണിതെന്ന് ഫ്രാങ്കോ സൂചിപ്പിച്ചു. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനായി കാത്തിരിക്കുന്നു എന്നും ഫ്രാങ്കോ അറിയിച്ചു.
ബുധനാഴ്ചയാണ് ബിഷപ്പിനോട് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകണമെന്ന നോട്ടീസ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്നലെ കൈപ്പറ്റിയിരുന്നു. കേരളാ പൊലീസ് നല്‍കിയ നോട്ടീസ് ജലന്ധര്‍ പൊലീസാണ് ബിഷപ്പിന് കൈമാറിയത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായാലുടന്‍ ബിഷപ്പിനെ ലൈംഗിക ക്ഷമതാ പരിശോധനക്ക് വിധേയമാക്കും.
ലൈംഗികാരോപണം സംബന്ധിച്ച് സി.ബി.സി.ഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസ് വത്തിക്കാനെ അറിയിച്ചിരുന്നു. ജലന്ധര്‍ രൂപതയിലെ ചിലരെയും മിഷനറീസ് ഒഫ് ജീസസ് സഭയിലെ കന്യാസ്ത്രീകളെയും അണിനിരത്തി രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു ബിഷപ്പ്. എന്തുവന്നാലും സ്ഥാനം ഉപേക്ഷിക്കില്ലെന്നായിരുന്നു ഫ്രാങ്കോ മുളയ്ക്കല്‍ ഇതുവരെ പറഞ്ഞിരുന്നത്.
Leave a Comment