കൊച്ചി യാത്രയ്ക്ക് ഇനി വണ്‍ കാര്‍ഡ്; മെട്രോയിലും ബസിലും യാത്ര ചെയ്യാം

കൊച്ചി: കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്ന കൊച്ചി വണ്‍ കാര്‍ഡ് ഇനി കൊച്ചിയിലെ ബസുകളിലും ഉപയോഗിച്ച് യാത്ര ചെയ്യാം. ഇതോടെ ഒറ്റ ടിക്കറ്റില്‍ മെട്രോയിലും ബസിലും യാത്രയെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.).

കൊച്ചിയിലെ ബസുകളില്‍ യാത്രയ്ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചി വണ്‍ കാര്‍ഡുകള്‍ ഉപയോഗിച്ചു തുടങ്ങി. വിവിധ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന 15 ബസുകളില്‍ ഇതിനായി യന്ത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. രണ്ടു മാസത്തിനകം കൊച്ചിയിലെ ബസുകളില്‍ ഇത് പൂര്‍ണമായും നടപ്പാക്കുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞു.

മെട്രോയുടെ ടിക്കറ്റായി ഉപയോഗിക്കുന്ന സ്മാര്‍ട്ട് കാര്‍ഡാണ് കൊച്ചി വണ്‍ കാര്‍ഡ്. ഇതുപയോഗിച്ച് ബസില്‍ മാത്രമല്ല ഭാവിയില്‍ ഓട്ടോയിലും യാത്ര സാധ്യമാകും. ഷോപ്പിങ്ങിനും ഇത് ഉപയോഗിക്കാവുന്ന സംവിധാനമാണ് വരുന്നത്. ആലുവ, വൈറ്റില, കാക്കനാട് റൂട്ടുകളിലെ ഏതാനും ബസുകളില്‍ ഇപ്പോള്‍ കാര്‍ഡുപയോഗിച്ച് യാത്ര ചെയ്യാം. ആക്‌സിസ് ബാങ്കിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

കാര്‍ഡുകള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി ബസുകളിലെല്ലാം ജി.പി.എസ്. ഘടിപ്പിക്കല്‍ പൂര്‍ത്തിയായി. 720 ബസുകളില്‍ ഇത് ഘടിപ്പിച്ചിട്ടുണ്ട്. സംയോജിത ബസ് ടൈംടേബിളും മുന്‍കൂട്ടി യാത്ര ആസൂത്രണം ചെയ്യുന്നതിനുള്ള സൗകര്യവുമെല്ലാം ഇതുവഴി യാഥാര്‍ത്ഥ്യമാകും. കൊച്ചി വണ്‍ ആപ്ലിക്കേഷനിലൂടെ യാത്രയെ സംബന്ധിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ മൊബൈലില്‍ കിട്ടും.

മെട്രോയ്ക്കനുബന്ധമായി നഗരത്തിലെ ഗതാഗത സംവിധാനങ്ങളെല്ലാം ഏകോപിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണിതെന്ന് കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. യാത്രാ സര്‍വീസുകളുടെ ഏകോപനം ഉദ്ദേശിച്ചാണ് സ്വകാര്യ ബസുകളുടെ കൂട്ടായ്മ രൂപവത്കരിച്ചത്. ഏഴു കൂട്ടായ്മകളാണുള്ളത്. പുതിയ സംവിധാനം ഏറെ സൗകര്യപ്രദമാണെന്ന് ബസ് കൂട്ടായ്മകളിലൊന്നായ കൊച്ചി വീല്‍സ് യുണൈറ്റഡിന്റെ പ്രതിനിധിയായ കെ.എം. നവാസ് പറഞ്ഞു. താമസിയാതെ ഇത് കൂടുതല്‍ ബസുകളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മെട്രോയിലെ യാത്രയ്ക്കായി ഇതുവരെ 20,000 പേര്‍ കൊച്ചി വണ്‍ കാര്‍ഡുകള്‍ വാങ്ങിയിട്ടുണ്ട്. യാത്രാനിരക്കില്‍ ഇളവുള്‍പ്പെടെ ഒട്ടേറെ ആനുകൂല്യങ്ങള്‍ കാര്‍ഡുപയോഗിക്കുന്നവര്‍ക്ക് നല്‍കുന്നുണ്ട്.

pathram:
Leave a Comment