പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. സ്ഥാനം ഒഴിഞ്ഞ് അമേരിക്കയിലേക്ക് തുടര്‍ ചികിത്സയ്ക്ക് പോകാനാണ് പരീക്കര്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ ഏഴു മാസമായി പാന്‍ക്രിയാസ് ക്യാന്‍സറിന് ചികിത്സയിലാണ് പരീക്കര്‍. ചികിത്സയ്ക്ക് ശേഷം സെപ്റ്റംബര്‍ ആറിന് അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ അദ്ദേഹം ഇപ്പോള്‍ ഗോവയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
പരീക്കറിന് പകരം ആളെ കണ്ടെത്താനുള്ള തിരക്കിലാണ് ബി.ജെ.പി ദേശീയ നേതൃത്വം. തല്‍ക്കാലം ഒരാള്‍ക്ക് മുഖ്യമന്ത്രിയുടെ ചുമതലകള്‍ നല്‍കാനാണ് നീക്കം. ബി.ജെ.പി നേതാക്കളായ റാംലാല്‍, ബി.എല്‍ സന്തോഷ് എന്നിവര്‍ ഗോവയിലെത്തി ചര്‍ച്ചകള്‍ നടത്തും.
ചികിത്സയ്ക്കായി ആദ്യം അമേരിക്കയിലേക്ക് പോയപ്പോള്‍ തന്റെ അഭാവത്തില്‍ ഭരണനിര്‍വഹണത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് പ്രത്യേക ഉപദേശക സമിതി അദ്ദേഹം രൂപീകരിച്ചിരുന്നു. സുദിന്‍ ദവാലിക്കര്‍, ഫ്രാന്‍സിസ് ഡിസൂസ, വിജയ് സര്‍ദേശായ് എന്നിവരടങ്ങിയതായിരുന്നു സമിതി. കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം രാജിവെച്ച ശേഷമാണ് പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്.
Leave a Comment