കന്യാസ്ത്രീയുടെ ഫോട്ടോ പുറത്തുവിട്ടതിന് മിഷണറീസ് ഓഫ് ജീസസിനെതിരേ കേസ്; കന്യാസ്ത്രീ ഉള്‍പ്പെട്ട സന്യാസിനി സമൂഹത്തിനെതിരേ കൊച്ചിയിലും പരാതി

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഫോട്ടോ പുറത്തുവിട്ടതിന് മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിനെതിരെ കേസ്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

ഇതിനിടെ കന്യാസ്ത്രീയുടെ ചിത്രം അടങ്ങുന്ന കുറിപ്പ് പുറത്തിറക്കിയ സംഭവത്തില്‍ മിഷനറീസ് ഓഫ് ജീസസിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് അഡ്വ. ജിയാസ് ജമാല്‍ പരാതി നല്‍കി.
പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ചിത്രം അടങ്ങുന്ന കുറിപ്പ് അന്വേഷണ റിപ്പോര്‍ട്ട് എന്ന പേരില്‍ അച്ചടിച്ചു വിതരണം ചെയ്തു എന്നാണ് പരാതി. സമൂഹ മാധ്യമങ്ങളിലും മറ്റു മാധ്യമങ്ങളിലും ഇരയായ വ്യക്തിയെ അവഹേളിക്കാനും, പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമമാണിതെന്ന് അഡ്വ. ജിയാസ് ജമാല്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇരയുടെ ചിത്രങ്ങള്‍ സഹിതം വിവരങ്ങള്‍ പുറത്തുവിട്ട തിനെതിരെ കേസെടുത്തു അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

അതേസമയം പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയെടുത്ത് അന്വേഷണം നടത്താനാണ് കോട്ടയം പോലീസിന്റെ നീക്കം. പരാതിക്കാരിയായ കന്യാസ്ത്രീ ഉള്‍പ്പെട്ട സന്യാസിനി സമൂഹമാണ് ലൈംഗിക പീഡനക്കേസില്‍ ഉള്‍പ്പെട്ട ഇരയുടെ സ്വകാര്യത കാത്തുസൂക്ഷിക്കണമെന്ന നിയമം കാറ്റില്‍പ്പറത്തി ഫോട്ടോ പുറത്തുവിട്ടത്. ബിഷപ്പിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് എംജെ കോണ്‍ഗ്രിഗേഷന്‍ (മിഷ്ണറീസ് ഓഫ് ജീസസ്) നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പിനോടൊപ്പമാണ് കന്യാസ്ത്രീയുടെ ചിത്രവും പുറത്തുവിട്ടത്.

ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോയോടൊപ്പം 2015 മെയ് 23ന് ഒരു സ്വകാര്യ ചടങ്ങില്‍ ഇരയായ കന്യാസ്ത്രീ വേദി പങ്കിട്ടിരുന്നു. തെളിവെന്ന തരത്തില്‍ ഈ ചിത്രമാണ് പത്രക്കുറിപ്പിനൊപ്പം ഉള്‍പ്പെടുത്തിയത്. വെള്ളിയാഴ്ച്ച രാവിലെയാണ് മാധ്യമങ്ങള്‍ക്ക് പത്രക്കുറിപ്പ് ലഭിച്ചത്.

തെളിവ് എന്ന നിലയ്ക്കാണ് ചിത്രം കൈമാറുന്നതെന്ന് സന്യാസിനി സമൂഹം അവകാശപ്പെട്ടിരുന്നു. പത്രക്കുറിപ്പിന്റെ ഭാഗമായുള്ള ഫോട്ടോയിലുള്ള പരാതിക്കാരിയുടെ മുഖവും ഐഡന്റിറ്റിയും മറച്ചു മാത്രമെ പത്രക്കുറിപ്പ് പ്രസിദ്ധീകരിക്കാവു എന്നും അല്ലാത്ത പക്ഷം മഠം ഉത്തരവാദി ആയിരിക്കില്ലെന്നും പത്രക്കുറിപ്പിന്റെ അവസാന ഭാഗത്ത് വ്യക്തമാക്കിയിരുന്നു. എന്നാല്‍, സെക്ഷന്‍ 228 എ പ്രകാരം കുറ്റകരമായ നടപടിയാണ് സന്യാസിനി സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.

pathram:
Related Post
Leave a Comment